Site icon Fourteen Kerala – 14 Kerala News

വൈബ്രേറ്റർ മെഷീനിൽനിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കിഴക്കേകല്ലട : വൈദ്യുതാഘാതമേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനിൽ രതീഷിന്റെയും അമൃതയുടെയും മകൻ ആദിദേവ് (12) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്.

സംഭവസമയത്ത് ആദിദേവിന്റെ സഹോദരി ആർദ്ര മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരനെ അന്വേഷിച്ച് എത്തിയ ആർദ്രയാണ് വീടിനോട് ചേർന്ന ഷെഡിനുള്ളിൽ തയ്യൽ മെഷീനിന് സമീപം ആദിദേവിനെ പൊള്ളലേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആർദ്രയുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികൾ ഉടൻതന്നെ ആദിദേവിനെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.

കോൺക്രീറ്റ് കരാറുകാരനാണ് ആദിദേവിന്റെ അച്ഛൻ രതീഷ്. ഷെഡിൽ സൂക്ഷിച്ചിരുന്ന തകരാറിലായ വൈബ്രേറ്റർ മെഷീനാണ് അപകടകാരണമായതെന്നാണ് നിഗമനം. തയ്യൽ മെഷീൻ മേശയ്ക്ക് മുകളിൽ വൈദ്യുതി പ്ലഗ്ഗിൽ ഘടിപ്പിച്ച് സ്വിച്ച് ഓൺ ചെയ്ത നിലയിലായിരുന്നു വൈബ്രേറ്റർ മെഷീൻ. ഇത് പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിൽ വെെദ്യുതാഘാതമേറ്റെന്നാണ് കരുതുന്നത്. തയ്യൽ മെഷീനിലേക്കും വൈദ്യുതി പ്രവഹിച്ചിരുന്നു.

Exit mobile version