Site icon Fourteen Kerala – 14 Kerala News

പുഴകളും തോടും വറ്റിവരണ്ടു; ജലക്ഷാമം രൂക്ഷം

ബാലുശ്ശേരി : കനത്ത ചൂടിൽ പുഴകളും കുളങ്ങളും തോടുകളും വറ്റിവരണ്ട്‌ ജലക്ഷാമം രൂക്ഷമായി. പഞ്ചായത്തുകളുെട കുടിവെള്ളവിതരണമാണ് പല കുടുംബങ്ങളും ആശ്രയിക്കുന്നത്. ബാലുശ്ശേരി പനങ്ങാട് പഞ്ചായത്തുകളിലെ പ്രധാന ജലസ്രോതസ്സായ കോട്ടനടപ്പുഴയും ഹൈസ്കൂളിനടുത്ത കോഴഞ്ചേരിപ്പുഴയും കനത്ത ചൂടിൽ വറ്റിവരണ്ടതോടെ ബാലുശ്ശേരി പഞ്ചായത്തിലെ മുഖ്യ ജലസംഭരണിയായ മഞ്ഞപ്പുഴയിലും വെള്ളം കുറഞ്ഞുതുടങ്ങി.

ബാലുശ്ശേരി, പനങ്ങാട് പഞ്ചായത്തുകളിലെ ഉന്നതികളിലേക്കും ബാലുശ്ശേരി ടൗണിലേക്കുമുള്ള കുടിവെള്ളപദ്ധതികൾ മഞ്ഞപ്പുഴ കേന്ദ്രീകരിച്ചാണ് നിലകൊള്ളുന്നത്. പനങ്ങാട് കോട്ടനട വയലിലെ കൃഷിക്കും മഞ്ഞപ്പുഴയിൽനിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. കോട്ടനടവയൽ കേന്ദ്രീകരിച്ച് ഒട്ടേറെ കർഷകർ പച്ചക്കറിക്കൃഷികൾ നടത്തിവരുന്നുണ്ട്. വെള്ളം വറ്റിത്തുടങ്ങിയതോടെ പച്ചക്കറിക്കൃഷിയും അവതാളത്തിലായി. ഇടയ്ക്ക് ലഭിക്കുന്ന വേനൽമഴയാണ് അല്പം ആശ്വാസമാകുന്നത്. നാട്ടിൻപുറങ്ങളിലെ കുളങ്ങളും കിണറുകളും വറ്റിത്തുടങ്ങിയത് ജലക്ഷാമം രൂക്ഷമാകാൻ ഇടയാക്കിയിട്ടുണ്ട്. പഞ്ചായത്ത് വിതരണംചെയ്യുന്ന വെള്ളം, കുടിക്കാൻമാത്രമേ തികയുന്നുള്ളൂ. കുളിക്കാനും അലക്കാനുമായി മറ്റു ജലാശയങ്ങൾ തേടിയിറങ്ങുകയാണ് പലരും.

Exit mobile version