Site icon Fourteen Kerala – 14 Kerala News

സുരക്ഷാവേലിയില്ല, വൈദ്യുതത്തൂണും മാറ്റിയില്ല അപകടമേഖലയായി കാരക്കുന്നത്ത് വളവ്

നന്മണ്ട : റോഡ് നവീകരിച്ചിട്ടും സുരക്ഷാവേലി ഒരുക്കാതെ പൊതുമരാമത്ത് വകുപ്പും റോഡിലേക്ക് തള്ളിനിൽക്കുന്ന വൈദ്യുതത്തൂൺ മാറ്റാതെ വൈദ്യുതി ബോർഡും.

നന്മണ്ട-നരിക്കുനിപ്പാതയിലെ കാരക്കുന്നത്ത് വളവിലാണ് സുരക്ഷാവേലിയുംനടപ്പാതയും ഇല്ലാത്തത്. റോഡ് വീതികൂട്ടിയപ്പോൾ യാത്രക്കാർക്ക് വയ്യാവേലിയായി മാറിയ വൈദ്യുതത്തൂണും മാറ്റാൻ ബോർഡും തയ്യാറായില്ല. വളവിലെ വയലിലേക്ക് ഒട്ടേറെ വാഹനങ്ങൾ മറിഞ്ഞ് അപകടത്തിൽപ്പെട്ടവർ ഏറെയാണ്. ബാലുശ്ശേരി മേഖലയിലുള്ള യാത്രക്കാർ മെഡിക്കൽ കോളേജിലേക്ക് എളുപ്പത്തിലെത്താൻ ഈ റോഡാണ് ആശ്രയിക്കുന്നത്. അപകടം നടക്കുമ്പോൾ നാട്ടുകാർ പ്രതിഷേധിക്കും. അധികൃതർ ഓടിയെത്തി പ്രതിഷേധം തണുപ്പിക്കാൻ എല്ലാം പരിഹരിക്കാമെന്ന ആശ്വാസവാക്കും നൽകും. കാരക്കുന്നത്ത് വളവിലുണ്ടാകുന്ന ഗതാഗതക്കുരുക്കും ഏറെയാണ്. കിണറിനടുത്ത് വളവിലുള്ള വൈദ്യുതത്തൂണും 35 മീറ്റർ വിട്ട് പഴയ വായനശാലയ്ക്കടുത്തുള്ള തൂണും അപകട ഭീഷണിയുണ്ടാക്കുന്നു.

നന്മണ്ട-നരിക്കുനി പാതയിൽ അമ്പലപ്പൊയിൽ-മൂലേം മാവ് ഭാഗങ്ങളിലൊക്കെ നടപ്പാതയുണ്ട്. എന്നാൽ ഏറെ അപകടസാധ്യത വിളിച്ചുവരുത്തുന്ന കാരക്കുന്നത്ത് വളവിലെ പ്രശ്ന പരിഹാരത്തിന് ഇതുവരെ ഫലമുണ്ടായിട്ടില്ല. പുന്നശ്ശേരി എ.എം.യു.പി. സ്കൂൾ വിദ്യാർഥികൾ, കാരക്കുന്നത്തെ മദ്രസ വിദ്യാർഥികളെല്ലാംതന്നെ മുതിർന്നവരുടെ സഹായത്തോടെയാണ് യാത്ര. അടുത്തഘട്ടത്തിൽ നന്മണ്ട റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെതായ പദ്ധതി വരുകയാണെങ്കിൽ കാരക്കുന്നത്തെ വളവിലെപ്രശ്നം പരിഹരിക്കാൻ അധികൃതർ മുന്നോട്ടുവരുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ കെ.എസ്.ഇ.ബി.യുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് സഞ്ചരിക്കാൻ തടസ്സമായ വൈദ്യുതത്തൂൺ മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെടും

Exit mobile version