Site icon Fourteen Kerala – 14 Kerala News

ചെമ്പ് വള കൊണ്ട് ഇടിച്ചു’; പേരാമ്പ്രയിൽ ചുവരെഴുതാൻ പോയ ദർസ് വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം; നാലുപേർ ആശുപത്രിയിൽ

പേരാമ്പ്ര : പേരാമ്പ്രക്ക് സമീപം ചെറുവണ്ണൂരിൽ ചുവരെഴുതാൻ ​പോയ ദർസ് വിദ്യാർഥികളെ മർദ്ദിച്ചു. പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്കാണ് മർദ്ദനമേറ്റത്. ചെറുവണ്ണൂരിലെ പള്ളി ദർസിലെ വിദ്യാർഥികളായ മുഹമ്മദ് സിനാൻ, മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഷാമിൽ, അബ്ദുൽ ഹാദി എന്നിവർക്കാണ് മർദ്ദനമേറ്റത്.

ചെമ്പ് വള കൊണ്ട് ഇടിയേറ്റ ഇവ​രെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷ്, സുരേഷ് പഴയ മഠത്തിൽ എന്നിവരാണ് ആക്രമിച്ചതെന്ന് പരാതിയിൽ പറഞ്ഞു. ദർസിൽ നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് സമീപത്തെ വീട്ടുമതിലിൽ ചുമരെഴുതാൻ പോയതായിരുന്നു ഇവർ. ഇന്നലെ രാവിലെ ഈ വീട്ടിൽ പോയി ചുമരെഴുതുന്നതിന് അനുവാദം വാങ്ങിയിരുന്നു. അവർ അനുവാദം നൽകുകയും രാത്രി വന്ന് എഴുതിക്കോളൂ എന്ന് പറയുകയും ചെയ്തു.

അതിന്റെ അടിസ്ഥാനത്തിൽ നാലുപേരും കൂടി ചുമരെഴുതുന്നതിനു വേണ്ടിയുള്ള സാമഗ്രികളുമായി രാത്രി സ്ഥലത്തെത്തി. എഴുതുന്നതിന് മുന്നോടിയായി വീട്ടുകാരോട് ഒന്നുകൂടി സംസാരിച്ചു. ഇതിനിടെയാണ് അവിടെ ഉണ്ടായിരുന്ന സന്തോഷും സുരേഷും കുട്ടികളോട് മോശമായി സംസാരിക്കുകയും മർദ്ദിക്കുകയും ചെയ്തത്. ആദ്യം വിശ്വാസപരമായ കാര്യങ്ങളെ കുറിച്ച് ചോദിച്ച ഇവർ വർഗീയമായ രീതിയിൽ സംസാരിക്കുകയും ​ഇറാൻ -ഇസ്രായേൽ യുദ്ധത്തെകുറിച്ച് അഭിപ്രായം ചോദിക്കുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നു.
സംഭവത്തിൽ പള്ളിദർസിലെ അധ്യാപകൻ ഇന്നലെ തന്നെ മേപ്പയൂർ പൊലീസിൽ നൽകിയെങ്കിലും കേസ് എടുത്തില്ല. പരിക്കേറ്റ വിദ്യാർഥികളെ ആദ്യം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടർന്ന് പുലർച്ചെ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Exit mobile version