Site icon Fourteen Kerala – 14 Kerala News

തടയണയിൽ ജലനിരപ്പ് താഴ്ന്നതോടെ ജലക്ഷാമം

പെരുവണ്ണാമൂഴി : ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടം ശുദ്ധജലപദ്ധതിയിൽ കുടിവെള്ളമെടുക്കുന്ന പുഴയിലെ തടയണയിൽ ജലനിരപ്പ് താഴ്ന്നു. ഇല്ല്യാനിപുഴയിൽ നിർമിച്ച തടയണപ്രദേശത്തു നിന്നാണ് പദ്ധതിക്കായി വെള്ളമെടുക്കുന്നത്. പുഴയിൽ ജലനിരപ്പ് താഴ്ന്നതോടെ പ്രദേശത്ത് ജലക്ഷാമമുണ്ട്. ഇതോടെ ചക്കിട്ടപാറ പഞ്ചായത്ത് ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കാനും തുടങ്ങിയിട്ടുണ്ട്.

മാവട്ടം, പൂഴിത്തോട് ടൗൺ, ആലമ്പാറ ആദിവാസി ഉന്നതി, ചെറുകുന്ന് മേഖലയിൽ 275-ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന പദ്ധതിയാണിത്.കഴിഞ്ഞ ദിവസങ്ങളിൽ വേനൽമഴ ലഭിച്ചതോടെ ജലനിരപ്പ് കുറച്ച് കൂടിയിട്ടുണ്ട്. വേനൽ കനക്കുന്നതോടെ വെള്ളം കുറഞ്ഞ് ജലക്ഷാമം രൂക്ഷമാകുമെന്നാണ് ആശങ്ക ഉയരുന്നത്.തടയണയുടെ മേൽഭാഗത്ത് പൈപ്പിട്ട് വെള്ളം എടുക്കുന്നതും തടയണയിൽ വെള്ളം കുറയാൻ കാരണമാകുന്നതായി പറയുന്നുണ്ട്്. ഏഴുമാസം മുൻപ്‌ കൂടുതൽ കുടുംബങ്ങളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.ഗുണഭോക്താക്കൾ കൂടിയതും ആവശ്യത്തിന് വെളളംകിട്ടാത്ത സാഹചര്യമുണ്ടാക്കിയതായി പരാതിയുണ്ട്.

2020 മാർച്ചിലാണ് പുതിയ കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തത്. 3.5 കോടിയോളം രൂപ ഇതിനായി ചെലവഴിച്ചു.നേരത്തേയുണ്ടായിരുന്ന ജലഅതോറിറ്റിയുടെ കുടിവെള്ളപദ്ധതി വീപുലീകരിച്ച് ജലനിധി പദ്ധതിയിലേക്ക് മാറുകയായിരുന്നു. പദ്ധതിയിലെ വെള്ളത്തിന്റെ ഫിൽറ്ററിങ് ശരിയായി നടക്കാത്തതിനാൽ നല്ലവെള്ളം ലഭിക്കുന്നില്ലെന്നും ഗുണഭോക്താക്കൾ പരാതിപ്പെടുന്നുണ്ട്.ചക്കിട്ടപാറ പഞ്ചായത്തിലൂടെ ഒഴുകുന്ന പുഴകളിലെല്ലാം വെള്ളം നീർച്ചാലായി കഴിഞ്ഞു. കടന്തറ പുഴ, ഓനിപ്പുഴ, മൂത്താട്ട് പുഴ എന്നിവയിലെല്ലാം ജലനിരപ്പ് കറുഞ്ഞിട്ടുണ്ട്.

Exit mobile version