Site icon Fourteen Kerala – 14 Kerala News

പച്ചക്കറിവിപണിയിൽ വിഷുക്കാലത്തെ കച്ചവടച്ചൂട്

കോഴിക്കോട് : ചുട്ടുപൊള്ളുന്ന വെയിലിനോട് പൊരുതി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന തിരക്കിലാണ് പാളയത്തെ വഴിയോരക്കച്ചവടക്കാർ. വിഷുവിപണി ഉഷാറാക്കാനുള്ള തയ്യാറെടുപ്പുകൾക്കിടയിലും വേനൽക്കാലത്തെ സമ്മർദാന്തരീക്ഷം കച്ചവടത്തെ സാരമായി ബാധിക്കുന്നുണ്ട്. എങ്കിലും പ്രതീക്ഷയുടെ വിഷുക്കാലത്തെ വരവേൽക്കാൻ വിപണി സജ്ജമായി.

കണിയൊരുക്കാനുള്ള സാധനങ്ങളും സദ്യക്കുള്ള പച്ചക്കറികളും മറ്റും വാങ്ങാനായി ഒട്ടേറെ ആളുകൾ മാർക്കറ്റിലെത്തുന്നു. വിഷുക്കണിയിലെ പ്രധാനിയായ കണിവെള്ളരി മാവൂർ, കുറ്റിക്കാട്ടൂർ, പെരുവയൽ എന്നീ പ്രദേശങ്ങളിൽനിന്നാണ് കൂടുതലായും പാളയത്തെത്തുന്നത്. കിലോയ്ക്ക് 50 രൂപ നിരക്കിലാണ് വെള്ളരിയുടെ കച്ചവടം. മുന്തിരി, ആപ്പിൾ, ഓറഞ്ച് മുതലായവയ്ക്കും പയർ, വെണ്ട, കയ്പ തുടങ്ങിയ പച്ചക്കറികൾക്കും വിലയേറെയാണ്. വേനൽ കടുത്തതോടെ നാരങ്ങ, നെല്ലിക്ക എന്നിവയ്ക്കും ആവശ്യക്കാരുണ്ട്്. ഡിമാൻഡ് കൂടിയതോടെ ഒരുകിലോ നാരങ്ങയ്ക്ക് 150 രൂപയും നെല്ലിക്കയ്ക്ക് 80 രൂപയുമാണ് വില. തമിഴ്‌നാട്ടിൽനിന്നാണ് പ്രധാനമായും പഴങ്ങൾ വിപണിയിലെത്തുന്നത്. സീസണായതിനാൽ മാങ്ങയ്ക്ക് ഇപ്പോൾ ചെലവ് കുറവാണെന്ന് കച്ചവടക്കാർ പറയുന്നു. പച്ചമാങ്ങയ്ക്ക് കിലോ 30 രൂപവരെയാണ് നിലവിലെ വില. മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ മാർക്കറ്റിൽനിന്ന് ലഭ്യമാണെന്ന് അവിടെയെത്തുന്നവർ പറയുന്നു. വേനൽച്ചൂടിനെ അവഗണിച്ചുകൊണ്ട് എല്ലാവർഷത്തെയുംപോലെ വിഷു ആഘോഷങ്ങൾ തകൃതിയാക്കാൻ സഞ്ചിനിറയെ സാധനങ്ങളുമായാണ് ആളുകൾ വീടുകളിലേക്കു മടങ്ങുന്നത്.

Exit mobile version