Site icon Fourteen Kerala – 14 Kerala News

ആസ്വാദക മനംനിറച്ച് ഉമയുടെ ഭരതനാട്യം

കോഴിക്കോട് : ലൈവ് ഓർക്കെസ്ട്രയോടെ ശാസ്ത്രീയനൃത്തത്തിന്റെ തനത് രൂപത്തിലുള്ള അവതരണം കലാസ്വാദകർ ഹൃദയത്തിൽ ഏറ്റുവാങ്ങി. ഒന്നരമണിക്കൂർ നീണ്ട അവതരണംകൊണ്ട് ഉമ ഭട്ടതിരിപ്പാട് ഞായറാഴ്ച വൈകുന്നേരം അസ്വാദകരിലേക്ക് നവ്യാനുഭവം പകർന്നു. കലോത്സവ വേദികളിലും കലയരങ്ങുകളിലും ടി.വി.യിലുമൊക്കെ നൃത്തരൂപങ്ങൾ ക്യാപ്‌സ്യൂളുകളാവുന്ന കാലത്ത് ശാസ്ത്രീയനൃത്തത്തിന്റെ തനത് സ്വരൂപത്തിലുള്ള അവതരണം പുതുമയായി.

തളി പത്മശ്രീ കല്യാണമണ്ഡപത്തിൽ നടന്ന ഭരതനാട്യം ഗണപതി സ്തുതി പുഷ്പാഞ്ജലിയോടെയായിരുന്നു തുടങ്ങിയത്. തുടർന്ന് ലാൽഗുഡി ജി. ജയരാമൻ ചിട്ടപ്പെടുത്തിയ നവരസ വർണം, ജയദേവ അഷ്ടപദിയും തമിഴ് ഫോക് ഗാനത്തിന്റെ ഈണത്തിലുള്ള കാവടിചിന്തുമായപ്പോഴേക്കും ആസ്വാദകർക്ക് തൃപ്തി. ദേശരാഗത്തിൽ തില്ലാനയും ശ്രീരാമ ദേവ സ്തുതിയുമായാണ് നൃത്തപരിപാടി സമാപിച്ചത്.
കോഴിക്കോട് നൃത്യാലയയാണ് പരിപാടി സംഘടിപ്പിച്ചത്. മാർഗി സംഗീത് (വോക്കൽ), ഹരിപ്രസാദ് സുബ്രഹ്‌മണ്യൻ (ഫ്ളൂട്ട്), സി.ടി. ശ്രീരംഗ് (മൃദംഗം) തുടങ്ങിയവരും പ്രാഗല്ഭ്യംകാട്ടി.

എൻ. ശ്രീകാന്ത്, അശ്വതി വി. നായർ എന്നിവരുടെ ശിഷ്യയാണ് ഉമ ഭട്ടതിരിപ്പാട്. മോഹിനിയാട്ടം കലാകാരി ഡോ. മേതിൽ ദേവിക മുഖ്യാതിഥിയായിരുന്നു. നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിക്ക് ആദരമേകിയ ശേഷമാണ് ഭരതനാട്യം തുടങ്ങിയത്.

Exit mobile version