Site icon Fourteen Kerala – 14 Kerala News

ആലത്തൂരിലെ മോഷണം: കള്ളന് മനസാന്തരം; സ്വർണവും പണവും വീട്ടുമുറ്റത്ത് തിരിച്ചുവെച്ചു

പാലക്കാട്: ആലത്തൂരിൽ മോഷണം പോയ സ്വർണ്ണാഭരണങ്ങളും പണവും കള്ളൻ തന്നെ തിരികെ എത്തിച്ച വാർത്ത കൗതുകമാകുന്നു. തരൂർ പഴമ്പാലക്കോട് സ്വദേശി പി.കെ. ജോയിയുടെ വീട്ടിൽ നിന്ന് മാർച്ച് 31-ന് കവർച്ച ചെയ്യപ്പെട്ട 10 പവൻ സ്വർണവും 90,000 രൂപയുമാണ് ഞായറാഴ്ച രാവിലെ തിരികെ ലഭിച്ചത്.

വീടിനോട് ചേർന്നുള്ള കിണറിന് സമീപം ഒരു കടലാസ് പെട്ടി ഇരിക്കുന്നത് കണ്ട് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മോഷണം പോയ സാധനങ്ങൾ അതിനുള്ളിൽ കണ്ടെത്തിയത്. ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് ആലത്തൂർ പോലീസ് സ്ഥലത്തെത്തി സ്വർണവും പണവും കസ്റ്റഡിയിലെടുത്തു.വീട് പൂട്ടി പുറത്തുപോകുമ്പോൾ സിറ്റൗട്ടിലെ ഷൂവിനുള്ളിൽ ഒളിപ്പിച്ച താക്കോൽ ഉപയോഗിച്ചാണ് മോഷണം നടന്നത്. വീട്ടുകാരുടെ ശീലങ്ങൾ കൃത്യമായി അറിയുന്ന ആരോ ആണ് ഇതിന് പിന്നിലെന്ന് പോലീസ് നേരത്തെ സംശയിച്ചിരുന്നു.മോഷണം പോയ സാധനങ്ങൾ സുരക്ഷിതമായി വീട്ടുമുറ്റത്ത് തന്നെ തിരിച്ചെത്തിയത് ഈ നിഗമനത്തെ ബലപ്പെടുത്തുന്നു. വീട്ടുകാർ പെട്ടി തുറന്ന് പരിശോധിച്ചതിനാൽ വിരലടയാള വിദഗ്ധർക്ക് തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും, പോലീസ് അന്വേഷണം തുടരുകയാണ്.

കണ്ടെടുത്ത തൊണ്ടിമുതൽ കോടതിയിൽ ഹാജരാക്കിയ ശേഷം നിയമനടപടികൾ പൂർത്തിയാക്കി ഉടമയ്ക്ക് കൈമാറാനാണ് അധികൃതരുടെ തീരുമാനം.

Exit mobile version