Site icon Fourteen Kerala – 14 Kerala News

11 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: എച്ച്ആർഡിഎസ് ചെയർമാനെതിരെ പോക്സോ കേസ്

ദില്ലി: എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ വകുപ്പ് പ്രകാരം ലൈംഗിക പീഡന പരാതി ഉയർന്നതിനെത്തുടർന്ന് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.

സ്ഥാപനത്തിലെ തന്നെ ജീവനക്കാരനാണ് തന്റെ 11 വയസ്സുള്ള മകളെ അജി കൃഷ്ണൻ അതിക്രമത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് പരാതി നൽകിയത്. 2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. നിലവിൽ ഡൽഹി പോലീസിന്റെ കസ്റ്റഡിയിലുള്ള ഇദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. എഫ്‌ഐആറിൽ നിലവിൽ ആരുടെയും പേര് ഔദ്യോഗികമായി ഉൾപ്പെടുത്തിയിട്ടില്ലെന്നും, കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പുകൾക്കും ശേഷം മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.
അതേസമയം, ഈ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ എച്ച്ആർഡിഎസ്, സ്ഥാപനത്തിനുള്ളിലെ ആഭ്യന്തര തർക്കങ്ങളാണ് ഇത്തരം വ്യാജ പരാതിക്ക് പിന്നിലെന്ന് പ്രതികരിച്ചു.

Exit mobile version