Site icon Fourteen Kerala – 14 Kerala News

പയ്യാനക്കൽ സ്കൂളിൽ സ്ഥാനാർഥിയെ തടഞ്ഞു

കോഴിക്കോട് : യു.ഡി.എഫ്. സ്ഥാനാർഥി ഫൈസൽ ബാബുവിനെ പയ്യാനക്കൽ ഗവ. സ്കൂളിൽ തടഞ്ഞതുമായി ബന്ധപ്പെട്ട കൈയാങ്കളി അഞ്ചുമണിക്കൂറോളം നാടിനെ മുൾമുനയിലാക്കി. ഇരുമുന്നണികൾ തമ്മിലുള്ള ഉന്തും തള്ളും പോലീസിന്റെ ലാത്തിവീശലിലേക്കും പ്രതിഷേധപ്രകടനത്തിലേക്കും ഒടുവിൽ ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ഇടപെട്ട് മെഗാഫോണിലൂടെ നിരോധനാജ്ഞ അറിയിച്ചാണ് അയവുവരുത്തിയത്. എന്നാൽ, ഇതിനിടെ പോലീസിനെ മർദിച്ചെന്നാരോപിച്ച് പ്രാദേശിക സി.പി.എം. നേതാവിനെ പോളിങ് കേന്ദ്രത്തിനകത്തുവെച്ച് പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തത് വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇത് പിന്നീട് പന്നിയങ്കര പോലീസ് സ്റ്റേഷന് മുന്നിലേക്ക് നീണ്ടു. ഈ ബഹളങ്ങൾക്കിടെ പയ്യാനക്കൽ സ്കൂളിൽ പോളിങ് അവസാനിക്കാൻ ഒരുമണിക്കൂറോളം വൈകുകയും പലരും വോട്ടുചെയ്യാതെ മടങ്ങുകയുംചെയ്തു.

വ്യാഴാഴ്ച വൈകീട്ട് 3.50-ഓടെയാണ് സംഘർഷങ്ങൾക്ക് തുടക്കം. പയ്യാനക്കൽ സ്കൂളിലെ പോളിങ് കേന്ദ്രത്തിലെത്തിയ ഫൈസൽ ബാബുവിനൊപ്പമുള്ളവർ മതംപറഞ്ഞ് വോട്ടുപിടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഇടതുമുന്നണി പ്രവർത്തകർ ബഹളംവെച്ചതോടെ പോലീസ് ഇടപെട്ടു. ഈ സമയം ഇരുമുന്നണിയുടേതായി വലിയൊരുകൂട്ടം പ്രവർത്തകർ പോളിങ് കേന്ദ്രത്തിലുണ്ടായിരുന്നു. പന്നിയങ്കര ഇൻസ്പെക്ടർ എസ്. സതീഷ്‌കുമാറും സംഘവും സ്ഥാനാർത്ഥിയെയും ഒപ്പമുണ്ടായിരുന്ന കോർപ്പറേഷൻ കൗൺസിലർമാരായ ഫസ്നാ ഷംസുദ്ദീൻ, സ്മിതാ ഷൽജി എന്നിവരെയുമുൾപ്പെടെ സ്കൂൾഗേറ്റിന് പുറത്താക്കി. പിന്നാലെ, സ്കൂൾ കോമ്പൗണ്ടിൽ അതുവരെ അനാവശ്യമായി തങ്ങിനിന്ന ഇരുവിഭാഗം പ്രവർത്തകരെയും പുറത്താക്കി ഗേറ്റടച്ചു. ഇതിനുശേഷം വോട്ടുചെയ്യാൻ എത്തിയവരെ ഗേറ്റിൽനിന്ന് രേഖകൾ പരിശോധിച്ചശേഷം മാത്രമാണ് അകത്തേക്ക് കടത്തിവിട്ടത്.

Exit mobile version