Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച 184 കിലോഗ്രാം വെടിമരുന്ന് ശേഖരം പിടികൂടി

കോഴിക്കോട് : കുന്ദമംഗലത്ത് പടക്ക നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി രണ്ട് പേര്‍ ദാരുണമായി മരിച്ചതിന്റെ ഞെട്ടല്‍ മാറും മുന്‍പ് വന്‍ വെടിമരുന്ന് ശേഖരം പിടികൂടി. എലത്തൂരിലാണ് അനധികൃതമായി സൂക്ഷിച്ച വെടിമരുന്നും ഓലപ്പടക്ക ശേഖരവും പിടികൂടിയത്. സംഭവത്തില്‍ ബിനീഷ്, മനോജ് എന്നിവര്‍ക്കെതിരെ സ്‌ഫോടക വസ്തു നിയമപ്രകാരം പൊലീസ് കേസെടുത്തു. പിടിച്ചെടുത്ത 184 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.

സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്. എലത്തൂര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചാക്കില്‍ കെട്ടിയ നിലയിലും അലക്ഷ്യമായി സൂക്ഷിച്ച നിലയിലും വെടിമരുന്നും ഓലപ്പടക്കങ്ങളും പിടിച്ചെടുത്തത്. വിഷുവിനോടനുബന്ധിച്ച് ജില്ലയിലൊട്ടാകെ വിവിധ കേന്ദ്രങ്ങളില്‍ കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്തും രഹസ്യമായും സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായി പോലീസ് പരിശോധന തുടരുകയാണ്.

Exit mobile version