Site icon Fourteen Kerala – 14 Kerala News

പയ്യന്നൂർ കരിവെള്ളൂരിൽ വനിത സിവിൽ പൊലീസ് ഓഫിസറെ ഭർത്താവ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ കേസ്, വിധി ഇന്ന്

തലശ്ശേരി: വനിത സിവിൽ പൊലീസ് ഓഫിസർ പയ്യന്നൂർ കരിവെള്ളൂരിലെ പി. ദിവ്യശ്രീയെ (38) ഭർത്താവ് രാജേഷ് പെട്രോൾ ഒഴിച്ച് വെട്ടി കൊലപ്പെടുത്തുകയും തടയാനെത്തിയ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ ജില്ല സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ഇന്ന് വിധി പറയും. കേസിൽ സംഭവ സമയത്തെ സി.സി.ടി.വി ദൃശ്യം കോടതിയിൽ ഹാജരാക്കി പ്രദർശിപ്പിച്ചിരുന്നു.

തെളിവായ ദൃശ്യം കോടതിയിൽ പ്രദർശിപ്പിക്കുന്നത് അപൂർവമാണ്. ആയുധം കണ്ടെത്തിയത്തിന്‍റെയും വാങ്ങുന്നതിന്‍റെയും ഉൾപ്പെടെയുള്ള സി.സി.ടി.വി ദൃശ്യം കോടതിയിൽ ഹാജരാക്കി. 102 രേഖകളും 51 തൊണ്ടിമുതലും കോടതിയിൽ ഹാജരാക്കി.
പ്രതിക്കെതിരെ മുമ്പും രണ്ട് കേസുകളുണ്ട്. 92 സാക്ഷികളിൽ 65 പേരെ വിസ്തരിച്ചു. സംഭവ ദിവസം വീട്ടിലെത്തിയ പ്രതി കൊടുവാൾ കൊണ്ട് വീടിന്‍റെ ഗ്രിൽസിന് വെട്ടിയതായി പരിക്കേറ്റ പിതാവ് കെ. വാസു മൊഴി നൽകിയിരുന്നു. വീട്ടിന്‍റെ വരാന്തയിൽ പെട്രോൾ ഒഴിച്ചതിന് ശേഷം ദിവ്യശ്രീയെ പല തവണ വെട്ടി. രക്ഷപ്പെടാൻ ശ്രമിച്ച ദിവ്യശ്രീയെ ഗേറ്റിന് സമീപം പിന്തുടർന്ന് വെട്ടി.

തടയാൻ ശ്രമിച്ചപ്പോൾ വാസുവിനെയും വെട്ടി പരിക്കേൽപിച്ചു. അക്രമത്തിൽ വാസുവിന് പരിക്കേറ്റു. ബൈക്കിലെത്തിയ പ്രതി അക്രമത്തിന് ശേഷം ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. എ.ടി.എമ്മിൽ പണം പിൻവലിച്ച പ്രതി വളപട്ടണത്തെ ബാറിലെത്തി മദ്യപിക്കുന്ന വിവരമറിഞ്ഞെത്തിയ പൊലീസ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂർ പൊലീസ് ഇൻസ്പെക്ടർ ശ്രീ ഹരിയാണ് കേസന്വേഷിച്ചത്. വിചാരണ തീരുമാനിച്ചപ്പോൾ പ്രതിക്ക് മാനസിക അസ്വസ്ഥ്യമുള്ളതായി പ്രതിഭാഗം കോടതിയെ അറിയിച്ചതിനെ തുടർന്ന് മനോരോഗ ചികിത്സക്ക് ഒരു മാസം കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version