Site icon Fourteen Kerala – 14 Kerala News

വീണ്ടും വെട്ടിലായി ട്വന്റി 20; നടി ലക്ഷ്‌മി പ്രിയയ്ക്കുപുറമെ വീണാ നായരുടെ പേരും വോട്ടർ പട്ടികയിലില്ല

കോട്ടയം: ഏറ്റുമാനൂർ മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാർത്ഥി നടി വീണാ നായർക്ക് വോട്ടില്ല. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് വോട്ടർ പട്ടികയിൽ വീണാ നായരുടെ പേരില്ലെന്ന വിവരം മനസിലാക്കിയത്. നേരത്തെ വീണ ചങ്ങനാശേരിയിൽ താമസിച്ചിരുന്നു. ഇവിടെ വോട്ടുണ്ടാകുമെന്നായിരുന്നു കരുതിയിരുന്നത്. മുൻപുനടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ചങ്ങനാശേരിയിൽ വോട്ട് ചെയ്തിട്ടുണ്ടെന്നും വീണ നേതാക്കളെ അറിയിച്ചിട്ടുണ്ട്.

വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കുന്നതിനായി ജില്ലാ കളക്‌ടറെയടക്കം വീണ ബന്ധപ്പെട്ടെങ്കിലും സമയം കഴിഞ്ഞതിനാൽ സാധിക്കില്ലെന്നാണ് വിവരം. കൂട്ടിച്ചേർത്ത പട്ടികയടക്കം പുറത്തുവരുമ്പോൾ മാത്രമേ ഇനി അവസരം ലഭിക്കുകയുള്ളൂ. അപ്പോഴേക്കും നാമനിർദേശ പത്രിക നൽകാനുള്ള സമയം അവസാനിക്കും. പത്രിക സമർപ്പിക്കുമ്പോൾ വോട്ടർ പത്രികയുടെ ക്രമനമ്പറും മറ്റും നൽകേണ്ടതുണ്ട്.

ഇതോടെ ഏറ്റുമാനൂരിൽ പകരം സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് ട്വന്റി 20. പെരുമ്പാവൂരി​ലെ നടി ​ലക്ഷ്മി​ പ്രി​യയുടെ എൻ.ഡി.എ സ്ഥാനാർത്ഥി​ത്വവും പ്രതി​സന്ധി​യി​ലാണ്. നടിയുടെ പേര് വോട്ടർ പട്ടി​കയി​ലില്ല. ജില്ലാ കളക്ടർക്ക് നൽകി​യ അപേക്ഷയി​ൽ അനുകൂല തീരുമാനം ഉണ്ടായി​ല്ലെങ്കി​ൽ പുതി​യ സ്ഥാനാർത്ഥി​യെ ട്വന്റി​ 20 പ്രഖ്യാപി​ക്കും. ഇതുകാരണം ഇന്നലെ നടത്താനി​രുന്ന റോഡ് ഷോ മാറ്റി​വച്ചിരുന്നു. തൃക്കാക്കരയി​ൽ താമസി​ച്ചി​രുന്ന ലക്ഷ്മി ​പ്രി​യ ഇപ്പോൾ തൃപ്പൂണി​ത്തുറ കരി​ങ്ങാച്ചി​റയി​ലാണ് താമസം. രണ്ടി​ടത്തും വോട്ടർപട്ടി​കയി​ൽ പേര് ഉണ്ടായി​രുന്നി​ല്ലെന്നാണ് വി​വരം.

Exit mobile version