Site icon Fourteen Kerala – 14 Kerala News

ഇംഗ്ലീഷ് സ്റ്റേറ്റ് ഫെസ്റ്റിൽ മികച്ച പ്രകടനവുമായി കാവിലുംപാറ ജി.എച്ച്.എസ്

കുറ്റ്യാടി : ഇ.എൽ.ഇ.പി. സ്റ്റേറ്റ് ഇംഗ്ലീഷ് ഫെസ്റ്റിൽ മിന്നുംപ്രകടനവുമായി കാവിലുംപാറ ഗവ. ഹൈസ്കൂൾ വിദ്യാർഥികൾ. ഡയറ്റ് കോഴിക്കോടിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെൻ്റ് പ്രോഗ്രാം ജില്ലാതല മത്സരത്തിൽ ഉജ്ജ്വലവിജയം കൈവരിച്ചാണ് സ്കൂളിലെ പ്രതിഭകൾ സംസ്ഥാനതല മത്സരത്തിൽ പങ്കാളികളായത്.

മലയാളം മീഡിയം വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണി വർധിപ്പിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണ് ഇ.എൽ.ഇ.പി. മികച്ച പ്രകടനം, വിസ്മയിപ്പിക്കുന്ന ഉച്ചാരണം, വിദ്യാർഥികളുടെ ഇംഗ്ലീഷ് ഉച്ചാരണ ശൈലിയും ഭാഷാപ്രയോഗങ്ങളും വിധികർത്താക്കളുടെ പ്രത്യേക അഭിനന്ദനത്തിന് കാരണമായി. ഇ.എൽ.ഇ.പി. അധ്യാപിക അക്ഷയയുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ അഭിമാനകരമായ നേട്ടം കൈവരിച്ചത്. പ്രധാനാധ്യാപിക ശ്രീജയുടെയും മറ്റ് അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണ കുട്ടികൾക്കുണ്ടായിരുന്നു. വിശ്രുത് കശ്മീർ, ആത്മിക മനോജ്, എസ്. ഋഷിക, നിയ ജയേഷ്, ആദികൃഷ്ണ രാജേഷ് തുടങ്ങിയവരാണ് സ്കൂളിന് തിളക്കവും അഭിമാനകരവുമായ നേട്ടത്തിലെത്തിക്കാൻ പടനയിച്ച പ്രതിഭകൾ.

സംസ്ഥാന ഇംഗ്ലീഷ് ഫെസ്റ്റിൽ ചരിത്രനേട്ടം കൈവരിച്ച വിദ്യാർഥികളെ പി.ടി.എ.യും അധ്യാപകരും നാട്ടുകാരും അഭിനന്ദിച്ചു. ഷാഫി പറമ്പിൽ എം.പി., ഇ.കെ. വിജയൻ എം.എൽ.എ., കാവിലുംപാറ പഞ്ചായത്ത് പ്രസിഡൻറ് മേഘ പൊയിലുപറമ്പത്ത് തുടങ്ങിയവർ അഭിനന്ദിച്ചു.

Exit mobile version