Site icon Fourteen Kerala – 14 Kerala News

പുതുക്കോട്-പാറമ്മൽ റോഡ് നവീകരണം പാതിവഴിയിൽ

രാമനാട്ടുകര : വിവിധവകുപ്പുകളുടെ ഏകോപനമില്ലാത്തതും കരാറുകാരന്റെ അനാസ്ഥയുംമൂലം പാറമ്മൽ-പുതുക്കോട്-ദാനഗ്രാം റോഡ് നവീകരണം തുടങ്ങിയ അവസ്ഥയിൽ തന്നെ. റോഡ് നിർമാണ കരാർ കാലാവധി രണ്ടുതവണ നീട്ടി നൽകിയിട്ടും പ്രവൃത്തിയുടെ 25 ശതമാനം പോലും പൂർത്തിയാക്കാൻ കരാറുകാരന് കഴിഞ്ഞിട്ടില്ല.

പ്രധാനമന്ത്രി ഗ്രാമീൺ സഡക്ക് യോജന പദ്ധതി പ്രകാരം 4.10 കോടി രൂപ ചെലവിൽ 3.4 കിലോമീറ്റർ ദൂരമാണ് ആധുനികരീതിയിൽ നിർമിക്കുന്നത്. 2025 ഡിസംബർ മാസത്തിൽ റോഡിന്റെ നിർമാണം 10 ശതമാനം പോലും പൂർത്തിയാകാത്തതിനാൽ 2026 മാർച്ച്‌ 31 വരെ കരാർ കാലാവധി നീട്ടിക്കൊടുത്തിരുന്നു. എന്നാൽ റോഡ് നവീകരണപ്രവൃത്തി കരാറെടുത്ത ആളുടെ അനാസ്ഥയും വാട്ടർ അതോറിറ്റി, വൈദ്യുതി ബോർഡ്‌ എന്നീ വകുപ്പുകളുടെ ഏകോപനമില്ലാത്തതുംമൂലം റോഡ് നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. എട്ടു മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിലെ നിലവിലുള്ള വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കാൻ നാലുമാസം മുൻപ് 16.9 ലക്ഷം രൂപ അടച്ചുവെങ്കിലും കുറച്ചു തൂണുകൾ മാത്രമാണ് മാറ്റിയത്. 11 മീറ്റർ നീളമുള്ള ജി.ഐ. തൂണിന്റെ ക്ഷാമംമൂലം ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി തടസ്സപ്പെട്ടിരിക്കുകയാണ്. വൈദ്യുതി ബോർഡിന്റെ തിരൂർ, കോഴിക്കോട് സബ് ഡിവിഷനുകളിൽ ഒന്നും തന്നെ 11 മീറ്റർ ഉയരമുള്ള തൂൺ ലഭ്യമല്ല. ഇത് എന്ന് ലഭിക്കുമെന്ന് വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥർക്കും ഒരു നിശ്ചയവും ഇല്ല.

Exit mobile version