Site icon Fourteen Kerala – 14 Kerala News

വീണാ ജോര്‍ജിനെ ആക്രമിച്ച കേസ്; കെഎസ്‌യു പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വിട്ടു

കണ്ണൂര്‍: കണ്ണൂരില്‍ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ അഞ്ച് കെഎസ്‌യു പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്.

കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.സി അതുല്‍ ഉള്‍പ്പെടെ അഞ്ചുപേരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ കഴിഞ്ഞ ദിവസം പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഇവര്‍ സഞ്ചരിച്ച വാഹനവും മന്ത്രിയെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ടെന്നും അതിനാല്‍ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി അതുല്‍, വി.വി അക്ഷയ്, ബിതുല്‍ ബാലന്‍, സി.എച്ച് മുബാസ്, അഹമ്മദ് യാസീന്‍ എന്നിവരാണ് പ്രതികള്‍. ആസൂത്രിതമായാണ് വധശ്രമം അടക്കം ചുമത്തിയിരിക്കുന്നത്. അപ്പീല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് വിവരം.കെഎസ്‌യു നേതാക്കളെ ഇങ്ങനെ വേട്ടയാടാനാണ് സിപിഎമ്മും സര്‍ക്കാറും തീരുമാനിച്ചിരിക്കുന്നതെങ്കില്‍ പ്രതിഷേധം ഇനിയും കടുക്കുമെന്നും മന്ത്രി പുറത്തിറങ്ങി നടക്കണോ എന്നതുള്‍പ്പടെ കെഎസ്‌യു തീരുമാനിക്കുകയും ചെയ്യുമെന്ന് കെഎസ്‌യു നേതാവ് മുഹമ്മദ് ഷമ്മാസ് പ്രതികരിച്ചിരുന്നു.

അതേസമയം ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് അക്രമം നടന്നുവെന്ന സി.പി.എം ആരോപണത്തെ പരിഹസിച്ച് വിചിത്രമായ വെല്ലുവിളികളുമായി കെ.എസ്.യുവും യൂത്ത് കോൺഗ്രസുമുൾപ്പെടെ രംഗത്ത് വന്നിരുന്നു .മന്ത്രിയെ അക്രമിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് ‘കുഴിമന്തി’യും ‘സ്വർണ്ണവും’ പാരിതോഷികം പ്രഖ്യാപിച്ചാണ് ഇരു സംഘടനകളും രംഗത്തെത്തിയത് .

മന്ത്രിയെ കെ.എസ്.യു പ്രവർത്തകർ അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ അത് ഹാജരാക്കുന്നവർക്ക് കുഴിമന്തി വാങ്ങി നൽകുമെന്നാണ് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ പ്രഖ്യാപനം. അക്രമം നടന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ നൽകുന്നവർക്ക് ഒരു പവൻ സ്വർണ്ണം പാരിതോഷികം നൽകുമെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയും പ്രഖ്യാപിച്ചു.

Exit mobile version