Site icon Fourteen Kerala – 14 Kerala News

മെഡിക്കൽ കോളേജിൽ ജലവിതരണം തുടങ്ങാനായില്ല

കോഴിക്കോട് : മാവൂരിനടുത്ത് കുറ്റിക്കാട്ടൂരിൽ പൊട്ടിയ പൈപ്പ് നന്നാക്കി കഴിയാത്തതിനാൽ, മെഡിക്കൽ കോളേജിലും പരിസരങ്ങളിലും കുടിവെള്ള വിതരണം പുനരാരംഭിക്കാനായില്ല. ചൊവ്വാഴ്ച പൈപ്പ് പൊട്ടിയതിനെത്തുടർന്ന് രാത്രിയോടെ മാവൂരിലെ കുടിവെള്ളപദ്ധതിയുടെ സ്റ്റേജ് 2-ൽ നിന്ന് മെഡിക്കൽ കോളേജിൽ വെള്ളമെത്തിച്ചിരുന്നു. ഇതിനാൽ രാത്രി ആശുപത്രിയിൽ വെള്ളത്തിന് വലിയ ബുദ്ധിമുട്ടുണ്ടായില്ല. എന്നാൽ മെഡിക്കൽ കോളേജിൽ കൂടുതൽ വെള്ളമെത്തിക്കാനായി പൊറ്റമ്മലിലെ വാൽവ് അടച്ചതിനാൽ മർദം കൂടി ബുധനാഴ്ച രാവിലെ പൊറ്റമ്മലിലും പൈപ്പ് പൊട്ടി. ഇതോടെ ആ വഴിയും അടഞ്ഞു.

ബുധാനാഴ്ച രാവിലെ മുതൽ ടാങ്കറിൽ വിതരണം ചെയ്യുന്ന വെള്ളമാണ് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്രയം. അഞ്ച് ടാങ്കർ വെള്ളം ബുധനാഴ്ച വിതരണം ചെയ്തു. വെള്ളമില്ലാത്തതിനാൽ ഓട്ടോമാറ്റിക് ക്ലീനിങ് സംവിധാനം പ്രവർത്തിക്കാത്തത് ബ്ലഡ് ടെസ്റ്റ് ചെയ്യുന്ന ലാബുകളുടെ പ്രവർത്തനത്തെ ബാധിച്ചു. അത്യാവശ്യമല്ലാത്ത രോഗികളുടെ ടെസ്റ്റ് അടുത്ത ദിവസത്തേക്ക് മാറ്റിവെക്കേണ്ടി വന്നു. ടാങ്കറുകളിൽ വിതരണം ചെയ്യുന്ന വെള്ളം ശേഖരിച്ച് കൊണ്ടുപോകേണ്ടതിനാൽ രോഗികൾ ബുദ്ധിമുട്ടിലായി. ടാങ്കർവെള്ളം കൊണ്ടാണ് രോഗികളും കൂട്ടിരിപ്പുകാരും അത്യാവശ്യകാര്യങ്ങൾ നടത്തിയത്. കൂടുതൽ ടാങ്കറുകൾ എത്തിച്ചാൽ വെള്ളം നൽകാമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ അറിയിച്ചതായി വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.

Exit mobile version