Site icon Fourteen Kerala – 14 Kerala News

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; അമ്പയർ മരിച്ചു, നിരവധി കളിക്കാർക്ക് പരിക്ക്

കാൺപൂർ: ക്രിക്കറ്റ് കളിക്കിടെ ഗ്രൗണ്ടിലെത്തിയ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ മത്സരം നിയന്ത്രിച്ചിരുന്ന അമ്പയർ മരിച്ചു. നിരവധി കളിക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. കാൺപൂർ സ്വദേശിയായ മാണിക് ഗുപ്തയാണ് തേനീച്ചയാക്രമണത്തിൽ മരിച്ചത്.

കാൺപൂർ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിനിടെയാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം. ഗ്രൗണ്ടിലേക്ക് ഇരച്ചെത്തിയ തേനീച്ചക്കൂട്ടം കളിക്കാരേയും അമ്പയർമാരേയും ആക്രമിക്കുകയായിരുന്നു. തേനീച്ചയുടെ കുത്തിൽ നിന്ന് രക്ഷപ്പെടാനായി പലരും ഓടി രക്ഷപ്പെട്ടെങ്കിലും തലയിലും മുഖത്തും തേനീച്ച കുത്തേറ്റ മാണിക് ഗുപ്ത ഗ്രൗണ്ടിൽ തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു.

കൂടെ ഉണ്ടായിരുന്ന മറ്റൊരു അമ്പയർക്കും 15 ലേറെ കളിക്കാർക്കും തേനീച്ച ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഗ്രൗണ്ടിൽ കുഴഞ്ഞുവീണ മാണിക് ഗുപ്തയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കാൺപൂരിലെ ലാല ലജ്പത് റായ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മണിക് സർക്കാറിന്റെ മരണം കാൺപൂർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എസ്എൻ സിംഗ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗുപ്തയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തും ശരീരത്തിലും തേനീച്ച പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. തേനീച്ച ആക്രമണത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നതാണ് ഇതെന്നും എസ്എൻ സിംഗ് പറഞ്ഞു.

Exit mobile version