Site icon Fourteen Kerala – 14 Kerala News

കൊയിലാണ്ടിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയ്ക്ക് പരിക്ക്

കൊയിലാണ്ടി: സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് പോകവേ ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥിനിയ്ക്ക് പരിക്ക്. കോതമംഗലം ജി.എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മണമല്‍ ചെമ്പില്‍ വയല്‍ ആരാധ്യ (6 വയസ്സ്) യ്ക്കാണ് പരിക്കുപറ്റിയത്. കാലിനും കൈയ്ക്കുമാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല.

കുറുവങ്ങാട് സെന്‍ട്രല്‍ യു.പി സ്‌കൂളിന് സമീപം തിങ്കളാഴ്ച വൈകിട്ട് നാലര മണിയോടെയായിരുന്നു സംഭവം. പതിവുപോലെ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്നു ആരാധ്യ. ഓട്ടോറിക്ഷയില്‍ നാല് കുട്ടികളാണ് അപകട സമയത്ത് ഉണ്ടായിരുന്നത് ഓട്ടോറിക്ഷ അമിത വേഗതയിലായിരുന്നെന്നും കുട്ടി തെറിച്ചുവീഴുകയായിരുന്നെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

ഉടന്‍തന്നെ റോഡില്‍ നിന്ന് എഴുന്നേല്‍ക്കുന്ന കുട്ടിയുടെ ദൃശ്യം സമീപത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. കുട്ടി റോഡിലേക്ക് തെറിച്ചു വീണശേഷവും കുറച്ചധികദൂരം ഓട്ടോറിക്ഷ മുന്നോട്ടുപോയതിനുശേഷമാണ് നിര്‍ത്തിയതെന്ന് സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ പറയുന്നു. കുട്ടികള്‍ തെറിച്ചുവീഴാതിരിക്കാന്‍ സുരക്ഷാവേലിയില്ലായിരുന്നെന്ന് ആരാധ്യയുടെ രക്ഷിതാവ് പറഞ്ഞു.

Exit mobile version