Site icon Fourteen Kerala – 14 Kerala News

41.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കോഴിക്കോട് : മലബാറിന്റെ വിവിധയിടങ്ങളിൽ വിതരണംചെയ്യുന്നതിനായി ഒഡിഷയിൽനിന്നെത്തിച്ച 41.5 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. ഓമശ്ശേരി പുത്തൂർ സ്വദേശി പുറായിൽ വീട്ടിൽ ജംഷീർ (32) ആണ് നാർക്കോട്ടിക് അസി. കമ്മിഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേവായൂർ പോലീസും ചേർന്ന് പിടികൂടിയത്. മെഡിക്കൽ കോളേജിനു സമീപം മുണ്ടിക്കൽത്താഴം പട്ടാളമുക്കിൽനിന്നാണ് കഞ്ചാവുമായി വാഹനം പിടികൂടിയത്.

കോഴിക്കോട്, മലപ്പുറം കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന ലഹരിമാഫിയാസംഘങ്ങളിൽ പ്രധാനിയാണ് ജംഷീറെന്ന് പോലീസ് പറഞ്ഞു. രണ്ടുകിലോഗ്രാം ശരാശരി ഭാരമുള്ള 20 പാക്കറ്റുകളാണ് കാറിന്റെ ഡിക്കിയിലും പുറകുവശത്തെ സീറ്റിലുമായി ഉണ്ടായിരുന്നത്.

എട്ടുവർഷത്തോളം വിദേശത്തായിരുന്ന പ്രതി നാട്ടിലെത്തിയ ശേഷം നാഷണൽ പെർമിറ്റ് ലോറിയിൽ ഡ്രൈവറായി പോയിരുന്നു. ഈ സമയത്താണ് മയക്കുമരുന്ന്‌ വിൽപ്പനയിലേക്കു തിരിഞ്ഞത്. പിന്നീട് ആന്ധ്ര, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന്‌ മൊത്തമായി കഞ്ചാവ് വാങ്ങി കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലെ വിവിധ ഏജന്റുമാർക്ക് നൽകുകയാണ് ചെയ്തിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ പകൽസമയങ്ങളിൽമാത്രമാണ് വാഹനമോടിച്ചിരുന്നത്.

യാത്രയ്ക്കിടെ ഫോണിലൂടെ ആവശ്യക്കാരെ കണ്ടെത്തുകയും വിവിധ സ്ഥലങ്ങളിൽവെച്ച് കഞ്ചാവ് വിതരണംചെയ്യുന്നതാണ് പ്രതിയുടെ രീതി. മുൻപ്‌ നാലുകിലോ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് പോലീസിന്റെ പിടിയിലാകുന്നത്.

ഡാൻസാഫ് സ്ക്വാഡിലെ എസ്.ഐ. മനോജ് ഇടയിടത്ത്, എ.എസ്.ഐ. അഖിലേഷ്, സീനിയർ സി.പി.ഒ. സുനോജ് കാരയിൽ, സി.പി.ഒ.മാരായ തരുൺകുമാർ, ശ്രീശാന്ത്, ഷിനോജ്, തൗഫീക്ക്, അതുൽ, അഭിജിത്ത്, മഷൂർ, ആശിർവാദ്, ചേവായൂർ എസ്.ഐ.മാരായ ഏലിയാസ്, അബ്ദുൾ റഷീദ്, എ.എസ്.ഐ. നജീബ്, സി.പി.ഒ.മാരായ പ്രജീഷ്, മുനീർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Exit mobile version