Site icon Fourteen Kerala – 14 Kerala News

ഡെന്റൽ കോളേജിൽ ഇനി അത്യാധുനിക ചികിത്സാ സൗകര്യം

കോഴിക്കോട് : ലക്ഷങ്ങൾ ചെലവിട്ടുള്ള അത്യാധുനിക ദന്തചികിത്സാസൗകര്യങ്ങൾ ഇനി കുറഞ്ഞചെലവിൽ മെഡിക്കൽ കോളേജിലെ ഗവ. ഡെന്റൽ കോളേജിൽ ലഭ്യമാകും. 25 കോടി ചെലവിൽ പുതിയബ്ലോക്കും നാലുകോടിയോളം ചെലവിട്ട് ആശുപത്രിയിലെ അഞ്ചുവിഭാഗങ്ങളുമാണ് നവീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ ഡെന്റൽ ആശുപത്രികളുടെ പട്ടികയിൽ മുൻപന്തിയിൽത്തന്നെ കോഴിക്കോട് ഗവ. ഡെന്റൽ കോളേജ് ഇടംപിടിക്കും.

അത്യാധുനിക ഉപകരണങ്ങളോടെയാണ്‌ പുതിയ രൂപമാറ്റം. 60 ലക്ഷം രൂപ ചെലവിട്ടാണ് പ്രോസ്‌തോഡോണ്ടിക്സ് വിഭാഗത്തിൽ നൂതനസംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. മുഖത്തിന്റെ നഷ്ടപ്പെട്ടഭാഗങ്ങൾ കൃത്രിമമായി വെച്ചുപിടിപ്പിക്കാൻ ഇവിടെയാകും. പല്ലിന് ക്യാപ്പിടുന്നത് ജനങ്ങൾക്കിടയിൽ സാധാരണമാണ്. ഇതിലെ ഏറ്റവും പുതിയരീതിയായ സിർക്കോണിയം കാസ്റ്റിങ് സൗകര്യം ഡെന്റൽ കോളേജിൽ ലഭിക്കും. ഇനി സിർക്കോണിയം ക്രൗണുകൾ കോളേജിൽത്തന്നെ നിർമിച്ചുനൽകാനുമാകും. കേരളത്തിലെ സർക്കാർ ഡെന്റൽ കോളേജിൽ ആദ്യമായാണിത്.

പല്ല് നഷ്ടപ്പെട്ടാൽ ഇംപ്ലാന്റ് ചികിത്സയ്ക്കാവശ്യമായ എല്ലാ സൗകര്യവും പുതിയ ബ്ലോക്കിലുണ്ട്. മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിലെ ട്രോമാ കെയർ വിഭാഗത്തിൽ അപകടങ്ങളിൽപ്പെട്ട് മുഖത്ത് ചതവുകളും പരിക്കുകളുമായെത്തുന്നവർക്ക് ഇനി അതിവേഗം ചികിത്സ ലഭ്യമാക്കാനാകും. മൈനർ, മേജർ ഓപ്പറേഷൻ തിയേറ്ററുകൾ പൂർണമായും പ്രവർത്തനക്ഷമമാകുന്നതോെട മുഖത്ത് ക്ഷതമുണ്ടാകുന്നവർക്ക് അധികം കാത്തുനിൽപ്പില്ലാതെ ചികിത്സയുറപ്പുവരുത്താൻ സാധിക്കും. താടിയെല്ല് ഉൾപ്പെടെയുള്ളവ വെച്ചുപിടിപ്പിക്കാനുള്ള സൗകര്യം ഇവിടെയുണ്ടാകും.

യുവാക്കൾക്കിടയിൽ പ്രചാരമുള്ള അലൈനർ ചികിത്സയും കുറഞ്ഞചെലവിൽ ഇവിടെയുണ്ടാകും. കുട്ടികളുടെ വിഭാഗത്തിൽ ശീതീകരിച്ച ക്ലിനിക്കും സഡേഷൻ നൽകിയുള്ള ചികിത്സാസൗകര്യവുമൊരുക്കിയിട്ടുണ്ട്. ഓർത്തോഡോണ്ടിക്സ് വിഭാഗത്തിൽ വായിലെ അർബുദമടക്കമുള്ള രോഗങ്ങളെ തിരിച്ചറിയാൻ സാധിക്കുന്ന ഉപകരണങ്ങളും മറ്റും സജ്ജമായിട്ടുണ്ട്. അർബുദശസ്ത്രക്രിയകൾക്കുശേഷമുണ്ടാകുന്ന മുഖവൈകൃതങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള സംവിധാനങ്ങളും മാക്സിലോഫേഷ്യൽ വിഭാഗത്തിലുണ്ട്. പഠിക്കുന്ന വിദ്യാർഥികളുടെ പരിശീലനത്തിനായി ഫാന്റം ലാബുകൾ ഒരുക്കിയിട്ടുണ്ട്. നൂതന പഠനോപകരണങ്ങളും പുതിയ ലെക്ചർ ഹാളുകളും പുതിയ ബ്ലോക്കിലുണ്ടാകും.

Exit mobile version