Site icon Fourteen Kerala – 14 Kerala News

വ്യാജരേഖ ചമച്ച കേസ്; പപ്പു യാദവ് എം പി അറസ്റ്റിൽ

1995 ലെ വ്യാജരേഖ ചമച്ച കേസിൽ ബിഹാർ എം പി പപ്പു യാദവ് അറസ്റ്റിൽ. വഞ്ചനയിലൂടെ വീട് തട്ടിയെടുത്തുവെന്നും പിന്നീട് ഓഫീസ് ആയി ഉപയോഗിച്ചു എന്ന പരാതിയിന്മേലാണ് അറസ്റ്റ്. സംസ്ഥാന സർക്കാരിനുംപ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിമർശനം തുടരുന്നതിനിടെയാണ് മൂന്ന് പതിറ്റാണ്ട് മുമ്പുള്ള കേസിൽ നടപടി. വിനോദ് ബിഹാരി ലാൽ ആണ് പപ്പു യാദവിനെതിരെ പരാതി നൽകിയിരുന്നത്. അറസ്റ്റ് ചെയ്യാൻ ഇന്നലെ രാത്രി പോലീസ് എത്തിയതോടെ നാടകീയ രംഗങ്ങൾ അരങ്ങേറി. തന്നെ കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പപ്പു യാദവ് ആരോപിച്ചു. രാത്രി പൊലീസിനൊപ്പം പോകാൻ കഴിയില്ലെന്നും പപ്പു യാദവ് അറിയിച്ചു. ശനിയാഴ്ച കോടതിയിൽ ഹാജരാകാനിരിക്കെയാണ് തന്നെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പപ്പു യാദവ് പ്രതികരിച്ചു. ഇക്കാര്യം താൻ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാലത് ഉദ്യോഗസ്ഥർ ഗൗനിച്ചില്ലെന്നും ഇൻസ്പെക്ടർ റിവോൾവറുമായിട്ടാണ് എത്തിയതെന്നും പപ്പു യാദവ് ആരോപിച്ചു.
അതേസമയം, പപ്പു യാദവിനെതിരെ കോടതി നിർദേശപ്രകാരമാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ കേസ് നടന്നു വരികയാണെന്നും പപ്പു യാദവ് കൃത്യമായി ഹാജരായിരുന്നില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.

Exit mobile version