Site icon Fourteen Kerala – 14 Kerala News

ചുരിദാർ ധരിച്ചെത്തിയതിന് വിലക്ക്: സ്കൂൾ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ മാനേജർക്കെതിരെ നിയമനടപടിയുമായി പ്രധാന അധ്യാപിക

കൊല്ലം: കൊല്ലം നെടുവത്തൂരിൽ ചുരിദാർ ധരിച്ച് സ്കൂളിലെത്തിയ പ്രധാന അധ്യാപിക സിന്ധു എസ്. നായരെ സ്കൂൾ ഗേറ്റിന് മുന്നിൽ തടഞ്ഞ സംഭവത്തിൽ വിവാദം പുകയുന്നു. സ്കൂൾ മാനേജരുടെ നടപടിക്കെതിരെ ശക്തമായ നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് അധ്യാപിക വ്യക്തമാക്കി. സ്കൂൾ മാനേജർ തന്റെ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും, ഒരു പ്രധാന അധ്യാപികയെ സെക്യൂരിറ്റി ജീവനക്കാരനെക്കൊണ്ട് ഗേറ്റിന് പുറത്ത് തടയിപ്പിച്ചത് അങ്ങേയറ്റം അപമര്യാദയാണെന്നും സിന്ധു എസ്. നായർ ആരോപിച്ചു.

കൊട്ടാരക്കര നെടുവത്തുർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളില്‍ ഇന്നലെയായിരുന്നു സംഭവം. പ്രധാന അധ്യാപികയായ സിന്ധു രാവിലെ സ്കൂളിലെത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് തുറന്നില്ല. ചുരിദാർ ധരിച്ചെത്തിയതിനാൽ പ്രവേശിപ്പിക്കേണ്ടെന്നാണ് മാനേജരുടെ നിർദ്ദേശമെന്നായിരുന്ന ജീവനക്കാരൻ്റെ മറുപടി. കുട്ടികൾക്ക് കഴിക്കാനുള്ള മുട്ടയും വാങ്ങിയെത്തിയ പ്രധാന അധ്യാപിക ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു. പൊലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഓഫീസ് റൂമിലെത്തി മാനേജരായ സുരേഷ് കുമാർ ചുരിദാർ ധരിച്ച് വരുന്നതിനെ വിലക്കിയിരുന്നെന്ന് അധ്യാപിക പറയുന്നു. സംഭവത്തില്‍ അധ്യാപിക പൊലീസിൽ പരാതി നൽകി.

സർക്കാർ ഉത്തരവ് പ്രകാരം അധ്യാപികമാർ ചുരിദാർ ഇടുന്നത് വിലക്കാനാകില്ല. അതിന് വിരുദ്ധമായാണ് മാനേജർ പ്രവർത്തിച്ചതെന്നാണ് പരാതി. എന്നാൽ വസ്ത്രത്തിൻ്റെ പേരിൽ ആരെയും തടയാൻ പറഞ്ഞിട്ടില്ലെന്നാണ് മാനേജരുടെ വിശദീകരണം. അധ്യാപികയിൽ പൊലീസ് മൊഴിയെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Exit mobile version