Site icon Fourteen Kerala – 14 Kerala News

വിലങ്ങാട് ഉരുൾപൊട്ടൽ: ദുരന്തമേഖലയിലെ റോഡ്, പാലം പണിക്ക്‌ ഒച്ചിന്റെ വേഗം

നാദാപുരം : സംസ്ഥാനബജറ്റിൽ വിലങ്ങാട് ഉരുൾപൊട്ടൽ മേഖലയെ അവഗണിച്ചെന്ന പരാതി വ്യാപകമായതിനിടയിൽ അനുവദിച്ച ഫണ്ടിന്റെ പ്രവൃത്തികൾക്കും ഒച്ചിന്റെ വേഗം. വിലങ്ങാട് പാരിഷ് ഹാൾമുതൽ വിലങ്ങാട് പാലംവരെയുള്ള മൂന്നരക്കിലോമീറ്ററിന് എട്ടുകോടിരൂപയാണ് സർക്കാർ അനുവദിച്ചത്.

എന്നാൽ, അതിന്റെ ടെൻഡർ നടപടികൾ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രധാന സ്ഥലമാണ് മഞ്ഞച്ചീളി ഭാഗം. അവിടത്തെ പാലവും റോഡും പൂർണമായും തകർന്ന നിലയിലാണ്. നാട്ടുകാരുടെ മേൽനോട്ടത്തിൽ നിർമിച്ച താത്കാലിക പാലംവഴിയാണ് ഇപ്പോഴും വാഹനഗതാഗതം സാധ്യമാകുന്നത്.

പുതിയപാലം അടക്കം നിർമിക്കാനാണ് എട്ടുകോടിരൂപ അനുവദിച്ചത്. മഞ്ഞച്ചീളിയിലെ വിവിധ ഭാഗങ്ങളിൽ തങ്ങിനിൽക്കുന്ന വലിയ കരിങ്കല്ലുകൾ പൂർണമായും നീക്കംചെയ്യാൻ സാധിച്ചിട്ടില്ല. വിലങ്ങാട് ടൗൺ പാലം അശാസ്ത്രീയമാണെന്ന വിലയിരുത്തലിനെത്തുടർന്ന് വിലങ്ങാട് പാരിഷ് ഹാളിനു മുൻവശത്ത് പുതിയ പാലം നിർമിക്കാനും പദ്ധതിയുണ്ട്. അതിനായി 13 കോടിരൂപയിൽ വലിയൊരു പാലം നിർമിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ഉരുൾപൊട്ടുന്ന അവസരങ്ങളിൽ വിലങ്ങാട് ടൗൺ വെള്ളത്തിലാകാൻ കാരണം വിലങ്ങാട് ടൗണിലെ പാലമാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ശരിവെക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥർക്കുമുള്ളത്. അതിനാലാണ് പുതിയൊരു പാലം പാരിഷ് ഹാളിനു മുൻവശത്ത് നിർമിക്കാനുള്ള പ്രപ്പോസൽ നൽകിയത്.

മുടിക്കൽ പാലംമുതൽ വിലങ്ങാട് പാരിഷ്‌ ഹാൾവരെയുള്ള റോഡിന്റെ പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. ഉരുൾപൊട്ടലിൽ തകർന്ന ഉരുട്ടിയിലെ പുതിയപാലവും ഇതോടൊപ്പം നന്നാക്കുന്നുണ്ട്. എട്ടരക്കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ ആകെയുള്ള നവീകരണത്തിനായി 32 കോടിരൂപയാണ് ചെലവഴിക്കുന്നത്. 26 കോടിരൂപ റോഡ് നവീകരണത്തിനും ബാക്കി തുക കെ.എസ്.ഇ.ബി.യുടെ ട്രാൻസ്‌ഫോർമർ, ഇലക്‌ട്രിക് തൂണുകൾ, വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ തുടങ്ങിയവ മാറ്റിസ്ഥാപിക്കാനുമാണ്.

Exit mobile version