Site icon Fourteen Kerala – 14 Kerala News

മലിനജലപ്രശ്നത്തിന് താത്കാലികപരിഹാരം

കോഴിക്കോട് : ബീച്ചിൽ കെട്ടിനിൽക്കുന്ന മലിനജലം കടലിലേക്ക് ഒഴുക്കിവിട്ടുതുടങ്ങി. ഓവുചാലിൽനിന്നുള്ള ഒഴുക്ക് തടസ്സപ്പെട്ട് കടപ്പുറത്തേക്ക് പരന്നൊഴുകുന്ന സ്ഥിതിയായിരുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഒഴുക്ക് സുഗമമാക്കിയിട്ടുണ്ട്.

ബീച്ച് ആശുപത്രിക്കു മുന്നിൽനിന്നുള്ള ഓവുചാലിലൂടെയാണ് മലിനജലം വരുന്നത്. ഈ ഓവുചാൽ കടലിലേക്ക് തുറക്കുന്ന ഭാഗത്ത് പൂഴി അടിഞ്ഞുകിടക്കുകയായിരുന്നു. അതോടെയാണ് മലിനജലം ബീച്ചിൽ മീറ്ററുകളോളം നീളത്തിൽ ഒഴുകാൻ തുടങ്ങിയത്. നേരത്തേയും ഇത്തരത്തിൽ ചെറിയ പ്രശ്നങ്ങളുണ്ടാവാറുണ്ടെങ്കിലും ചുറ്റിലുമുള്ള ചെറിയ ഭാഗത്തുമാത്രമാണ് മലിനജലം കെട്ടിനിന്നിരുന്നത്.

വേലിയേറ്റത്തെത്തുടർന്ന് കടലിൽനിന്നുള്ള വെള്ളംകൂടി കയറിയതോടെയാണ് വെള്ളക്കെട്ട് കൂടുതലായത്. ചിലയിടങ്ങളിൽ നേരത്തേ ചാലൊരുക്കി വെള്ളം ഒഴുക്കിവിടാൻ നോക്കിയെങ്കിലും ഫലപ്രദമായിരുന്നില്ല.
നിലവിൽ ഓവുചാലിന്റെ തുടർച്ചയായി ആഴത്തിൽ മണലെടുത്താണ് മലിനജലം ഒഴുക്കിവിട്ടത്. അതുകൊണ്ടുതന്നെ ബീച്ചിലെ പല ഭാഗങ്ങളിലും മലിനജലം കെട്ടിനിൽക്കുന്നത് ഒഴിഞ്ഞുപോയിട്ടുണ്ട്. ശാശ്വതപരിഹാരം കാണണമെന്ന ആവശ്യം പലവട്ടം കോർപ്പറേഷൻ കൗൺസിലിൽ ഉയർന്നിരുന്നെങ്കിലും ഇതുവരെ അത് സാധ്യമായിട്ടില്ല.

Exit mobile version