Site icon Fourteen Kerala – 14 Kerala News

മലയോരത്ത് ഫുട്‌ബോൾ ആവേശം

കല്ലാനോട്‌: മലയോരഗ്രാമത്തിൽനിന്ന് ഉയർന്നുകേൾക്കുന്നത് കാൽപ്പന്തുകളിയുടെ ആരവാവേശം. കല്ലാനോടിന്റെ പുരോഗതിയിൽ പ്രധാന പങ്കുവഹിച്ച ഫാ. ജോർജ് വട്ടുകുളത്തിലച്ചന്റെ സ്മരണകൾ പുതുക്കിയാണ് നാൽപതാമത് ഫുട്‌ബോൾ ടൂർണമെന്റിന് ബുധനാഴ്ച വൈകുന്നേരം 4.30-ന് തുടക്കമാവുന്നത്. ഒളിമ്പ്യൻ മയൂഖ ജോണി, ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീം അംഗം ഷിൽജി ഷാജി, സന്തോഷ്‌ ട്രോഫി താരം അർജുൻ ബാലകൃഷ്ണൻ ഉൾപ്പെടെ ഒട്ടേറെ സംസ്ഥാന-ദേശീയ കായിക താരങ്ങളെ വളർത്തിയെടുത്ത കല്ലാനോട്‌ ജൂബിലി സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ആദ്യകാലത്ത് തിരുനാളിനോടനുബന്ധിച്ച് കല്ലാനോട്‌ ഫുട്‌ബോൾ അസോസിയേഷൻ നടത്തിയ പ്രദർശനമത്സരമാണ് 1983 മുതൽ വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റായി പരിണമിച്ചത്.

ഫുട്‌ബോൾ ആസ്വദിക്കുന്നതിനായി ആയിരക്കണക്കിനാളുകളാണ് ദിവസേന ജൂബിലി സ്റ്റേഡിയത്തിലെത്താറുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള 12 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഒന്നാംസ്ഥാനം നേടുന്നവർക്ക് ഫാ. വട്ടുകുളം സ്മാരക എവർറോളിങ്‌ ട്രോഫിയും 1,00,001 രൂപ പ്രൈസ്‌മണിയും രണ്ടാംസ്ഥാനം നേടുന്ന ടീമിന് ആഗസ്തി എബ്രഹാം കടുകൻമാക്കൽ എവർറോളിങ്‌ ട്രോഫിയും 50,001രൂപ പ്രൈസ്‌മണിയും ലഭിക്കും.

Exit mobile version