Site icon Fourteen Kerala – 14 Kerala News

പേരാമ്പ്രയിലെ ഓയിൽമില്ലിൽ തീപ്പിടിത്തം പരിഭ്രാന്തിക്കിടയാക്കി

പേരാമ്പ്ര : നഗരമധ്യത്തിലുള്ള ചേനോളി റോഡിലെ മലബാർ ഓയിൽ മില്ലിലുണ്ടായ തീപ്പിടിത്തം പരിഭ്രാന്തി പരത്തി. വൈകീട്ട് മൂന്നോടെയണ് ഓയിൽ മില്ലിലെ കൊപ്രയുണക്കുന്ന ഭാഗത്ത് തീപ്പിടിത്തമുണ്ടായത്. ഡ്രയറിൽനിന്നും കൊപ്രയിലേക്ക് തീപടർന്നതാണന്ന് കരുതുന്നു. മരവും ചിരട്ടയുമിട്ട് കത്തിക്കുമ്പോൾ ചൂട് മാത്രമാണ് കൊപ്രയുടെ ഭാഗത്തേക്കെത്തുക.

അതിനുപകരം തീ ഇവിടേക്ക് പടർന്നതാണ് പ്രശ്നമായത്. കൊപ്രയുടെ അടിഭാഗത്ത് നിന്നാണ് തീ കത്തിത്തുടങ്ങിയത്. അതിനാൽ കെടുത്താൻ മേൽഭാഗത്തെ കൊപ്ര മാറ്റിയിട്ട് വെള്ളമടിക്കേണ്ടിവന്നു. അടുത്തടുത്ത് കടകളുള്ള സ്ഥലത്താണ് ഓയിൽ മിൽ സ്ഥിതിചെയ്യുന്നത്. തീപിടിച്ചയുടനെ വലിയപുക ഉയർന്നുപൊങ്ങി പരിസരത്തെല്ലാം വ്യാപിച്ചു. ഇതോടെ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആളുകളും ഓടിക്കൂടി.

മില്ലും പുകയിൽ മുങ്ങിയതോടെ ആർക്കും ഉള്ളിലേക്ക് പ്രവേശിക്കാൻ പറ്റാതായി. ഒരു തൊഴിലാളി മാത്രമാണ് മില്ലിൽ ഉണ്ടായിരുന്നത്.പുക അധികമായതോടെ ഇദ്ദേഹം പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. അഗ്നിരക്ഷാസേനയെത്തി അകത്ത് കടന്ന് വെള്ളമടിച്ച് തീ നിയന്ത്രണ വിധേയമാക്കിയതിനാൽ മറ്റിടങ്ങളിലേക്ക് തീ വ്യാപിക്കാതെ രക്ഷപ്പെടുത്താനായി. ഓടിട്ട മേൽക്കൂരയിൽ തീ പിടിക്കുന്നതിന് മുൻപുതന്നെ തീകെടുത്താൻ കഴിഞ്ഞു. പേരാമ്പ്രയിൽനിന്ന്‌ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ. പ്രദീപന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റും നാദാപുരത്തുനിന്ന് ഒരു യൂണിറ്റും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.ലക്ഷങ്ങളുടെ നഷ്ടംസംഭവിച്ചതായാണ് പ്രാഥമിക നിഗമനം. 15 ക്വിന്റലോളം കൊപ്ര മില്ലിൽ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്.

Exit mobile version