Site icon Fourteen Kerala – 14 Kerala News

മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രോഗി അക്രമാസക്തനായി; പിടിച്ചുമാറ്റാനെത്തിയ പോലീസുകാരന് കുത്തേറ്റു

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുടെ ആക്രമണത്തിൽ പോലീസുകാരന് പരിക്ക്. ആശുപത്രിയുടെ സുരക്ഷയ്ക്കായി പോലീസ് നിയോഗിച്ച സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (എസ്‌ഐഎസ്എഫ്) സിവിൽ പോലീസ് ഓഫീസർ ജെറിൻ വിൽസനാണ് പരിക്കേറ്റത്.

കൈക്കും നെഞ്ചിനും പരിക്കേറ്റ ജെറിനെ അത്യാഹിതവിഭാഗം തീവ്രപരിചരണ യൂണിറ്റിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരുന്ന രോഗി ബഹളം ഉണ്ടാക്കിയതിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധു ഗെയിറ്റിലെത്തി. രോഗിയുടെ സമീപത്തെത്തി ബഹളം വെയ്ക്കരുതെന്ന് പറഞ്ഞപ്പോൾ മൂർച്ചയുള്ള ആയുധവുമായി ഇയാൾ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ കൈക്ക് കുത്തേൽക്കുകയും നെഞ്ചിനും വയറിനും ചവിട്ടേൽക്കുകയും ചെയ്തു. കൈക്കേറ്റ പരിക്ക് ഗുരുതരമല്ല. നെഞ്ചിനേറ്റ ചവിട്ടിൽ വാരിയല്ലകൾക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ഗാന്ധിനഗർ എസ്‌എച്ച്ഒ ടി. ശ്രീജിത്ത് പറഞ്ഞു. അക്രമാസക്തനായ രോഗിയെ പ്രത്യേക വിഭാഗത്തിലേക്ക് മാറ്റി.

Exit mobile version