Site icon Fourteen Kerala – 14 Kerala News

സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞു: കുമരകത്തെ കായൽ ടൂറിസം പ്രതിസന്ധിയിൽ

കുമരകം: കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ കുമരകത്ത് വിനോദസഞ്ചാരികളുടെ ഒഴുക്ക് വലിയ തോതിൽ കുറഞ്ഞതായി ടൂറിസം മേഖല. പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ വരവ് കുറവായത് കായൽ ടൂറിസത്തെ ഗുരുതരമായി ബാധിച്ചു.

സാധാരണ നവംബർ മുതൽ ജനുവരി വരെ ഉത്തരേന്ത്യൻ സഞ്ചാരികളും വിദേശ സഞ്ചാരികളും ഒരുമിച്ച് എത്തുന്നതോടെ റിസോർട്ടുകളും ഹൗസ് ബോട്ടുകളും മുഴുവൻ ബുക്ക് ആയിരുന്ന സാഹചര്യമാണ് മാറിയത്.ഇക്കുറി ക്രിസ്‌മസും പുതുവത്സരവും പോലുള്ള ഏറ്റവും തിരക്കേറിയ ദിവസങ്ങളിലും പല റിസോർട്ടുകളിലും മുറികൾ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ്. ചില പ്രത്യേക ദിവസങ്ങൾ ഒഴികെ ഹൗസ് ബോട്ട് മേഖലയിലും സർവീസുകൾ വളരെ പരിമിതമാണ്.

സാധാരണ ഈ കാലയളവിൽ ശബരിമല ദർശനം കഴിഞ്ഞ് എത്തുന്ന അയ്യപ്പഭക്തരുടെ തിരക്കും ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ അതും കുറവാണെന്ന് ടൂറിസം രംഗത്തുള്ളവർ പറയുന്നു. സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ ശിക്കാര ബോട്ടുകളും സ്പീഡ് ബോട്ടുകളും പ്രവർത്തനരഹിതമായി കിടക്കുകയാണ്.ആഭ്യന്തര വിമാന ടിക്കറ്റുകളുടെ ഉയർന്ന നിരക്കുകളാണ് ഉത്തരേന്ത്യൻ സഞ്ചാരികൾ കേരളയാത്ര ഒഴിവാക്കാൻ കാരണമാകുന്നതെന്ന് ടൂറിസം മേഖലയിലെ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ കുമരകത്തെ വിനോദസഞ്ചാര മേഖല ഈ സീസണിൽ വലിയ പ്രതിസന്ധി നേരിടുകയാണ്.

Exit mobile version