Site icon Fourteen Kerala – 14 Kerala News

പഴകിയ ഭക്ഷ്യവസ്തുക്കളിൽ നിന്ന്‌ ഫാസ്റ്റ്‌ഫുഡ്‌ ഉത്‌പന്നം; സ്ഥാപനം അടപ്പിച്ചു

പയ്യോളി : ഗുണനിലവാരമില്ലാത്തതും പൂപ്പൽബാധിച്ചതുമായ ഭക്ഷ്യവസ്തുക്കളിൽനിന്ന് പുതിയ ഉത്‌പന്നങ്ങൾ നിർമിക്കുന്ന സ്ഥാപനം ഭക്ഷ്യസുരക്ഷാവകുപ്പ് അടപ്പിച്ചു. പയ്യോളി ഐപിസി റോഡിൽ പ്രവർത്തിക്കുന്ന ഷിറിൻ ഫുഡ്സ് എന്ന സ്ഥാപനമാണ് അടപ്പിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബാലുശ്ശേരി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ പി.ജി. ഉന്മേഷ്, കൊയിലാണ്ടി ഓഫീസർ ഡോ. വിജി വിൽസൺ, ഉദ്യോഗസ്ഥനായ അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബുധനാഴ്ച രാവിലെ തുടങ്ങിയ പരിശോധന വൈകീട്ടുവരെ നീണ്ടു. 3000 കിലോഗ്രാം ബ്രഡ് ക്രംസ്, 500 കിലോവരുന്ന ചപ്പാത്തി, ബൺ, ബ്രെഡ്, റസ്ക് എന്നിവയാണ് പിടിച്ചത്. കാലിത്തീറ്റനിർമിക്കാനെന്നുപറഞ്ഞ് വ്യാപാരികളിൽനിന്ന് കാലാവധികഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് അവ പൊടിച്ച് ഫാസ്റ്റ്ഫുഡ് ഉത്‌പന്നങ്ങളുടെ നിർമാണത്തിന് വിതരണംചെയ്യുകയാണ് സ്ഥാപനമെന്ന് ഓഫീസർ പി.ജി. ഉന്മേഷ് പറഞ്ഞു.

കട്‌ലറ്റ്, എണ്ണക്കടികൾ എന്നിവയ്ക്കാണ് ഇവ ഉപയോഗിക്കുക. മാസത്തിൽ ലക്ഷങ്ങളുടെ വിൽപ്പന ഇവിടെ നടക്കുന്നുണ്ട്. ബെംഗളൂരുവിൽനിന്നുപോലും ഇങ്ങനെ പഴകിയവസ്തുക്കൾ ശേഖരിക്കുന്നുണ്ട്. തിരിച്ച്‌ നല്ല ഉത്‌പന്നങ്ങളായി കൈമാറുന്നു. ബേക്കറി യൂണിറ്റിനാണ് സ്ഥാപനത്തിന് നഗരസഭയുടെ ലൈസൻസുള്ളത്. മനുഷ്യർക്കും മൃഗങ്ങൾക്കും ഒരു സ്ഥാപനത്തിൽനിന്ന് ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കാൻ നിയമമില്ല. ഗുണമുള്ള ഭക്ഷ്യവസ്തുവാണോയെന്ന് പരിശോധിക്കാനുള്ള ഉപകരണമില്ല. പഴകിയ ഭക്ഷ്യവസ്തുക്കളിലെ ഉത്‌പന്നം പശുവിനുനൽകിയാൽ അത് പാലിനെ ബാധിക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. സാംപിളുകളുടെ പരിശോധനാഫലം ലഭിച്ചാൽ ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കും.

Exit mobile version