Site icon Fourteen Kerala – 14 Kerala News

മീഞ്ചന്തയിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പോലീസ് പൊളിച്ചുമാറ്റി

കോഴിക്കോട് : കോർപ്പറേഷൻ മീഞ്ചന്ത വാർഡിലെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പോലീസ് പൊളിച്ചുമാറ്റി. പോളിങ് സ്റ്റേഷന്‍റെ 100 മീറ്റർ ചുറ്റളവിനുള്ളിലായതിനാലാണ് പന്നിയങ്കര പോലീസ് ബുധനാഴ്ച രാത്രിയോടെ ഓഫീസ് പൊളിച്ചുമാറ്റിയത്.

ബുധനാഴ്ച വൈകീട്ട് പന്നിയങ്കര ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പോളിങ് സ്റ്റേഷന്റെ 100 മീറ്റർ ചുറ്റളവിനുള്ളിലുള്ള ബോർഡുകളും മറ്റും എടുത്തുമാറ്റണമെന്ന് അറിയിച്ചിരുന്നു. അതിന്റെയടിസ്ഥാനത്തിൽ ബോർഡുകളും ബാനറുകളുമെല്ലാം ഒഴിവാക്കിയിരുന്നു. എന്നാൽ, രാത്രി 9.30-ഓടെ പോലീസെത്തി ഓഫീസും വാടകയ്ക്കെടുത്ത സാധനങ്ങളും പൊളിച്ചുമാറ്റുകയായിരുന്നെന്ന് യുഡിഎഫ് സ്ഥാനാർഥി എസ്.കെ. അബൂബക്കർ പറഞ്ഞു. യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ മാറ്റാമെന്നുപറഞ്ഞിട്ടും കേൾക്കാതെ ഓഫീസും സാധനങ്ങളുമെല്ലാം തകർക്കുകയായിരുന്നെന്നും അബൂബക്കർ പറഞ്ഞു.

രാവിലെമുതൽ ബോർഡുകളടക്കം എല്ലാം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും മറ്റുമുന്നണികൾ റിട്ടേണിങ് ഓഫീസർക്ക് പരാതിനൽകിയതിനാൽ റിട്ടേണിങ് ഓഫീസറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊളിച്ചുമാറ്റിയതെന്ന്‌ പന്നിയങ്കര പോലീസ് പറഞ്ഞു.

Exit mobile version