Site icon Fourteen Kerala – 14 Kerala News

മോഡേൺ ബസാറിൽ ചെരിപ്പു നിർമാണ ഫാക്ടറിയിൽ തീപിടിത്തം

ഫറോക്ക്: മോഡേൺ ബസാറിൽ ചെരിപ്പു നിർമാണ ഫാക്ടറിയിൽ അഗ്നിബാധ. ആളപായമില്ല. 50 ലക്ഷത്തിന്റെ നാശനഷ്ടം. വികെസി ഗ്രൂപ്പിനു കീഴിലെ ഫെറേറോ വിനയൽ ടെക്നോളജീസ് കമ്പനിയിൽ ഇന്നലെ വൈകിട്ട് 4.30നാണു തീ പടർന്നത്. വൈദ്യുതി ഷോർട് സർക്യൂട്ടാണ് കാരണമെന്നാണു പ്രാഥമിക നിഗമനം. ചെരിപ്പു നിർമാണത്തിനു കമ്പനിയിൽ സൂക്ഷിച്ച അസംസ്കൃത വസ്തുക്കളായ സിന്തറ്റിക് ലെതർ, പിവിസി ഗ്രാന്യൂൽസ്, പിവിസി അപ്പർ, നൂൽ, ബക്കിൾ തുടങ്ങിയവ കത്തിച്ചാമ്പലായി. ചെരിപ്പിന്റെ അപ്പർ നിർമിക്കുന്ന മോൾഡിങ് മെഷീൻ, ഡൈ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ, പാനൽ ബോർഡ് എന്നിവയ്ക്കും നാശമുണ്ടായിട്ടുണ്ട്. ഷീറ്റിട്ട കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും നശിച്ചു. 

വൈദ്യുതി വയറിങ്ങും താറുമാറായി.കമ്പനിക്കു സമീപത്തെ ട്രാൻസ്ഫോമറിൽ നിന്നു വലിയ ശബ്ദത്തിൽ പൊട്ടിത്തെറി ഉണ്ടായിരുന്നു. ഉടനെയാണു യൂണിറ്റിൽ നിന്നു തീ ഉയർന്നതെന്നു എംഡി എ.വി.സുനിൽ നാഥ് പറഞ്ഞു. ജീവനക്കാർ കമ്പനിയിലെ അഗ്നി പ്രതിരോധ സംവിധാനം പ്രയോഗിച്ചെങ്കിലും തീ അണയ്ക്കാനായില്ല. ഉടൻ അഗ്നിശമന സേനയെ അറിയിച്ചു. റീജനൽ ഫയർ ഓഫിസർ പി.രജീഷ്, മീഞ്ചന്ത സ്റ്റേഷൻ ഓഫിസർ റോബി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ 3 യൂണിറ്റെത്തി ഒരു മണിക്കൂർ പ്രയത്നിച്ചാണു തീ നിയന്ത്രിച്ചത്. നല്ലളം എസ്ഐമാരായ കെ.രഞ്ജിത്ത്, എസ്.ജയശ്രീ, കെ.സി.വിനോദ് തുടങ്ങിയവർ സ്ഥലത്ത് എത്തിയിരുന്നു.

Exit mobile version