Site icon Fourteen Kerala – 14 Kerala News

വിനോദയാത്രപോയ സംഘത്തിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

കോഴിക്കോട് : തിക്കോടിയൻ സ്മാരക ഗവ. വിഎച്ച്എസ്എസ് പയ്യോളിയിൽനിന്ന്‌ കൊടൈക്കനാലിലേക്ക് വിനോദയാത്രയ്ക്കുപോയ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. മുപ്പതോളം കുട്ടികൾക്കാണ് വിഷബാധയേറ്റത്. യാത്രയുടെ അവസാന ദിനമായ ശനിയാഴ്ച ഇരുപതോളം കുട്ടികൾക്കാണ് കൊടൈക്കനാലിൽ അസ്വസ്ഥത അനുഭവപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് സ്കൂളിൽ നിന്ന്‌ വിനോദയാത്രയ്ക്കുപോയ സംഘത്തിൽപ്പെട്ടവരാണിവർ.

കാന്തല്ലൂർ, കൊടൈക്കനാൽ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാനായി രണ്ട് ട്രാവൽസുകളുടെ 10 ബസുകളിലാണ് 450-ഓളം വിദ്യാർഥികളും 35-ഓളം അധ്യാപകരുമായി യാത്രപുറപ്പെട്ടത്. ട്രാവൽസിന്റെ പാചകക്കാരായിരുന്നു ഭക്ഷണമുണ്ടാക്കിയത്. ശനിയാഴ്ച കൊടൈക്കനാലിൽ എത്തി ഉച്ച ഭക്ഷണത്തിനു ശേഷമാണ് വിദ്യാർഥികൾക്ക് അസ്വസ്ഥതയുണ്ടായത്. ചിക്കൻകറിയും നെയ്ചോറുമായിരുന്നു കഴിച്ചത്. യാത്ര കഴിഞ്ഞ് വീടുകളിൽ തിരിച്ചെത്തിയ കുറച്ച് വിദ്യാർഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രികളെ സമീപിക്കുകയായിരുന്നു. മേലടി സിഎച്ച്സിയിൽ പത്തോളം വിദ്യാർഥികൾ ചികിത്സ തേടിയിട്ടുണ്ട്. വിദ്യാർഥികളും അധ്യാപകരുമടക്കം 250 ഓളംപേർ ഭക്ഷണം കഴിച്ചിട്ടുണ്ട്. ഇതിൽ ചില വിദ്യാർഥികൾക്ക് മാത്രമാണ് പ്രയാസമുണ്ടായത്.

Exit mobile version