Site icon Fourteen Kerala – 14 Kerala News

15 സ്ഥാനാർഥികളെക്കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു

കോഴിക്കോട് : കോർപ്പറേഷനിൽ 15 വാർഡുകളിലേക്കുകൂടി കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിനിമാസംവിധായൻ വി.എം. വിനുവും പരിസ്ഥിതിപ്രവർത്തക പി.എം. ജീജാഭായിയും പത്രവിതരണക്കാരിയായ എൻ.വി. അഞ്ജനയും സ്ഥാനാർഥിപ്പട്ടികയിൽ ഇടംനേടി. കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് പാറോപ്പടിയിൽനിന്നാണ് ജനവിധി തേടുന്നത്. സരോവരം പ്രകൃതിസംരക്ഷണസമിതിയുടെ മുൻനിരപ്രവർത്തകയായ പി.എം. ജീജാഭായി സിവിൽ സ്റ്റേഷൻ വാർഡിലാണ് മത്സരിക്കുന്നത്. ലാലി സേവ്യർ സ്മാരക പുരസ്കാരജേതാവാണ്. വി.എം. വിനു കല്ലായി വാർഡിൽ അങ്കത്തിനിറങ്ങും. എടക്കാട് വാർഡിലാണ് ചെറുപ്പംമുതൽ പത്രം-പാൽ വിതരണത്തിലൂടെ ജീവിതമാർഗം കണ്ടെത്തി പഠിച്ചുയർന്ന്് ബികോം ബിരുദധാരിയായ അഞ്ജന മത്സരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാൽ കല്ലാട്ട് എരഞ്ഞിക്കൽ വാർഡിലാണ് മാറ്റുരയ്ക്കുക.

12 വാർഡുകളിലെ സ്ഥാനാർഥികളെക്കൂടി കോൺഗ്രസ് പ്രഖ്യാപിക്കാനുണ്ട്. ഇത് ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് ഡിസിസി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ എം.കെ. രാഘവൻ എംപിയും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറും പറഞ്ഞു. രാഷ്ട്രീയത്തിനതീതമായി പൊതുസ്വീകാര്യതയുള്ളതിനാലാണ് വി.എം. വിനുവിനെ രംഗത്തിറക്കിയതെന്ന് നേതാക്കൾ പറഞ്ഞു. നാലരപ്പതിറ്റാണ്ടായി ഭരിക്കുന്നവരുടെ കൈകളിൽനിന്ന് ഇക്കുറി യുഡിഎഫ് കോർപ്പറേഷന് മോചനം നൽകും. മാർക്സിസ്റ്റ് പാർട്ടിയുടെ അണികൾപോലും ഇപ്രാവശ്യം കോൺഗ്രസിനെ തുണയ്ക്കും. അഴിമതിരഹിതഭരണം, മാലിന്യമുക്ത നഗരം എന്ന മുദ്രാവാക്യമാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്.

വി.എം. വിനുവിനെയാണോ മേയർസ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നത് എന്ന ചോദ്യത്തിന് ‘‘കൗൺസിലറാക്കാൻ വേണ്ടിമാത്രം അദ്ദേഹത്തെപ്പോലൊരാളെ മത്സരിപ്പിക്കുമോ?’’ എന്നായിരുന്നു ഡിസിസി പ്രസിഡന്റിന്റെ മറുപടി. തിരഞ്ഞെടുപ്പുകഴിഞ്ഞ് മേയറെ നിശ്ചയിക്കുന്നത് യുഡിഎഫ് സംസ്ഥാനസമിതിയാണെന്ന് ഉടനെ എം.കെ. രാഘവൻ എംപി ഇടപെട്ട് വിശദീകരിച്ചു. നിലവിൽ കൗൺസിലിൽ യുഡിഎഫിനെ നയിച്ച കെ.സി. ശോഭിത മത്സരിക്കുന്ന കാര്യത്തെക്കുറിച്ച് കാത്തിരുന്ന് കാണൂ എന്നും അവർ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് നടക്കാവ് മണ്ഡലം സെക്രട്ടറി ധനേഷ് വ്യാഴാഴ്ച രാജിവെച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ ചിലർക്ക്് സ്ഥാനാർഥിത്വം കിട്ടാത്തപ്പോൾ ഇതൊക്കെ സ്വാഭാവികമാണെന്ന്‌ ഡിസിസി പ്രസിഡന്റ് മറുപടിനൽകി. കെപിസിസി ജനറൽ സെക്രട്ടറി കെ. ജയന്ത്, എൻ. സുബ്രഹ്മണ്യൻ, കെ.സി. അബു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Exit mobile version