Site icon Fourteen Kerala – 14 Kerala News

കല്ലെറിഞ്ഞത് ബസ് കുറുകെയിട്ടശേഷം

കോഴിക്കോട് : നടുറോഡിൽ വ്യാഴാഴ്ച തിരക്കുള്ള സമയത്തായിരുന്നു യാത്രക്കാരെ പരിഭ്രാന്തിയാഴ്‌ത്തി ഡ്രൈവറുടെ പരാക്രമം. സമയത്തെച്ചൊല്ലിയുള്ള തർക്കത്തിൽ ബസ് ഡ്രൈവർ മറ്റൊരു ബസിന്റെ ഗ്ളാസ് എറിഞ്ഞുതകർക്കുകയായിരുന്നു. സ്റ്റോപ്പിൽ നിർത്തിയിട്ട ബസിന് കുറുകേ താനോടിച്ച ബസ് കയറ്റിനിർത്തിയശേഷമായിരുന്നു അക്രമം. ഹോളോബ്രിക്സ് കഷ്ണം ഉപയോഗിച്ചാണ്‌ ഗ്ളാസ്‌ എറിഞ്ഞുതകർത്തത്‌.

ചില്ല് തകർന്നതോടെ യാത്രക്കാർ പരിഭ്രാന്തരായി പുറത്തേക്കിറങ്ങി. റെയിൽവേ സ്റ്റേഷനു സമീപമുണ്ടായ ഗതാഗതതടസ്സത്തെത്തുടർന്ന് ബസ് വൈകിയതിന് യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമമുണ്ടായതെന്ന് മനിർഷ ബസിലെ കണ്ടക്ടർ കക്കോടി സ്വദേശി ജ്യോതിഷ് പറഞ്ഞു.
രണ്ടാഴ്ച മുൻപും സമയതർക്കത്തെത്തുടർന്ന് ഇതേ ബസുകൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ സംഭവത്തിൽ ബസുകൾ കൂട്ടിയുരസിയതിന്റെ പാട് ഇരു ബസുകളിലുമുണ്ട്.പൊട്ടിത്തെറിക്കാത്ത രീതിയിലുള്ള ഗ്ലാസായതിനാൽ പരിക്ക് ഗുരുതരമല്ല. കണ്ണിന് അസ്വസ്ഥതതോന്നിയ ഡ്രൈവർ അഖിൽരാജ് ബീച്ചാശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞശേഷം മടങ്ങി. യാത്രക്കാരായ സ്ത്രീകളുടെപരിക്ക് ഗുരുതരമല്ലാത്തതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നില്ലെന്ന് പോലീസ് പറഞ്ഞു.

കല്ലെറിഞ്ഞ ഡ്രൈവറെ ടൗൺ പോലീസ് അറസ്റ്റുചെയ്തു. ഇരുബസുകളും കസ്റ്റഡിയിലെടുക്കുകയുംചെയ്തു. ഡ്രൈവറെ പിന്നീട് ജാമ്യത്തിൽവിട്ടു. ബസിന്റെ മുന്നിലുണ്ടായിരുന്ന ക്യാമറയിൽ ചില്ലുതകർക്കുന്ന രംഗം പതിഞ്ഞിട്ടുണ്ട്.

Exit mobile version