Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ; ആകാശ ഇടനാഴി

കോഴിക്കോട്: റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമിക്കുന്ന ആകാശ ഇടനാഴിയുടെ വീതി 48 മീറ്ററിൽനിന്ന് 24 മീറ്ററാക്കുമ്പോൾ പ്രതീക്ഷിച്ചിരുന്ന പ്രയോജനങ്ങൾ പലതും ഇല്ലാതാവും. വിനോദ സഞ്ചാരികളെ ആകർഷിക്കത്തക്കവിധം 48 മീറ്റർ വീതിയിൽ 110 മീറ്റർ നീളത്തിൽ വമ്പൻ ഇടനാഴിയൊരുക്കുമെന്നും ഇത് ഇത്തരത്തിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തേതായിരിക്കുമെന്നുമായിരുന്നു വാഗ്ദാനം. നിലവിലുള്ള ടെൻഡറും അതനുസരിച്ചുള്ളതാണ്. വീതി 24 മീറ്ററാക്കാനാണ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ നിർദേശം നൽകിയിട്ടുള്ളത്.

വിമാനത്താവളങ്ങളിലേതു പോലെ വിശാലമായ കാത്തിരിപ്പുകേന്ദ്രമായും വാണിജ്യ-വിനോദ സൗകര്യങ്ങളൊരുക്കിയും ആകാശ ഇടനാഴിക്ക് രൂപംനൽകാനാണ് ഉദ്ദേശിച്ചിരുന്നത്. ഡിപ്പാർട്ട്‌മെന്റൽ ഷോപ്പുകൾ, റീട്ടെയിൽ ഷോപ്പുകൾ, ഗെയിം സോൺ, ഗിഫ്റ്റ് ഷോപ്പുകൾ, പുസ്തകശാലകൾ തുടങ്ങിയവയൊക്കെ ഇവിടെ ഒരുക്കാമെന്നും കണക്കുകൂട്ടിയിരുന്നു. വേണ്ടത്ര വായുവും വെളിച്ചവും കടക്കത്തക്ക വിധമാണ് ഇടനാഴി രൂപകല്പന ചെയ്തിരുന്നത്. സ്റ്റേഷൻ സമുച്ചയത്തിലെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ നിർമിക്കുന്ന ബഹുനില പാർക്കിങ് കോംപ്ലക്സുകളെയും റെയിൽവേ പ്ലാറ്റ്്‌ഫോമുകളെയും ബന്ധിപ്പിക്കുന്ന തരത്തിലാണ് ഇടനാഴി വിഭാവനം ചെയ്തിരുന്നത്. തറനിരപ്പിൽനിന്ന് എട്ടുമീറ്റർ ഉയരത്തിലാണിത്.

നിലവിലുള്ള നാല് ട്രാക്കിനും ഭാവിയിൽ വന്നേക്കാവുന്ന രണ്ടുട്രാക്കിനും ഉൾപ്പെടെ കണക്കാക്കിയാണ് ആകാശ ഇടനാഴി നിർമിക്കാൻ ഉദ്ദേശിച്ചിരുന്നത്. പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങുന്നതിനും കയറുന്നതിനും ചവിട്ടുപടികൾക്കു പുറമേ എസ്കലേറ്ററുകളും ലിഫ്റ്റും ഈ ഇടനാഴിയിൽനിന്നുതന്നെയാണ് നിർമിക്കുക. സംസ്ഥാനത്ത് വേറെ ഒരു സ്റ്റേഷനിലും ഇല്ലാത്ത സൗകര്യങ്ങളായിരുന്നു ഇതുമൂലം ലഭ്യമാവുക. ഇടനാഴിയുടെ വീതി നേർപകുതിയാവുമ്പോൾ തിരക്ക് കൂടും. നിർദിഷ്ട പദ്ധതിയിലുള്ള നിർമാണമല്ലെങ്കിൽ പല പ്രയോജനങ്ങളും ലഭ്യമാവില്ല. ഭാവിയിൽ ഇത് വികസിപ്പിക്കാനും എളുപ്പമല്ല. നവീകരണത്തിന്റെ മനോഹാരിത കുറയ്ക്കാനും പുതിയ തീരുമാനം കാരണമാവും. തിരക്കേറുമ്പോൾ ഇതിലൂടെ യാത്രക്കാരുടെ സഞ്ചാരം സുഗമമാവില്ല.

പാലക്കാട് ഡിവിഷനിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനാണ് കോഴിക്കോട്. പ്രതിദിനം 70,000-ത്തിലേറെ യാത്രക്കാരാണ് സ്റ്റേഷൻ പ്രയോജനപ്പെടുത്തുന്നത്. ആധുനിക ഗതാഗത ഹബ്ബാവാൻ കോഴിക്കോടിനുള്ള സാധ്യതയെ, നവീകരിക്കുന്ന സ്റ്റേഷൻ വർധിപ്പിക്കും. ഇതുകൂടി മുൻകൂട്ടിക്കണ്ടാണ് വലിയ ആകാശ ഇടനാഴി രൂപകല്പന ചെയ്തിരുന്നത്. രാജ്യത്ത് ഏറ്റവും വീതിയേറിയ ആകാശ ഇടനാഴി വരുന്നത് ജയ്‌പുരിലെ ഗാന്ധിനഗർ സ്റ്റേഷനിലാണ്-72 മീറ്റർ.

Exit mobile version