Site icon Fourteen Kerala – 14 Kerala News

സൂപ്പർ ലീഗ് കേരളമത്സരങ്ങൾക്ക് നാളെ തുടക്കം

കോഴിക്കോട്: ആദ്യസീസണിൽ കോഴിക്കോടിന്റെ ഫുട്‌ബോളാവേശത്തെ ഇളക്കിമറിച്ച സൂപ്പർ ലീഗ് കേരളയുടെ രണ്ടാംസീസണിനെ വരവേൽക്കാൻ കോഴിക്കോട് തയ്യാർ. കോഴിക്കോടിന്റെ സ്വന്തം കാലിക്കറ്റ് എഫ്‌സിയും ഫോഴ്‌സ കൊച്ചിയും വ്യാഴാഴ്ച കളത്തിലിറങ്ങുമ്പോൾ കഴിഞ്ഞസീസൺ ഫൈനലിലെ മത്സരമാണ് കാലിക്കറ്റ് ആരാധകരുടെ മനസ്സിലെത്തുന്നത്. കാലിക്കറ്റിനെ വിറപ്പിക്കാൻ ഫോഴ്‌സ കൊച്ചിക്കാകുമോ അതോ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്‌സി വിജയം നിലനിർത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്ബോൾപ്രേമികൾ.

കഴിഞ്ഞസീസണിലെ ഫൈനലിൽ ഒന്നിനെതിരേ രണ്ട് ഗോളിനാണ് ഫോഴ്‌സ കൊച്ചിയെ കാലിക്കറ്റ് പരാജയപ്പെടുത്തിയത്. കാലിക്കറ്റ്‌ എഫ്‌സിക്ക് തന്ത്രങ്ങൾമെനയാൻ അർജന്റീനയിൽനിന്നുള്ള കോച്ച് അഡ്രിയാനോ ഡിമാൾഡെയും കൊച്ചിക്ക് കരുത്തേകാൻ സ്പെയിനിൽനിന്നെത്തിയ ബാഴ്‌സലോണക്കാരനായ മിഖേൽ ലാഡോ പ്ലാനോയുമാണ് തന്ത്രങ്ങളൊരുക്കുന്നത്. പ്രഥമസീസണിൽ ആവേശക്കടൽതീർത്ത ഗാലറിയിലേക്ക് ആരാധകരുടെ ഒഴുക്കുണ്ടാകുമെന്നതിൽ സംശയമില്ല.

സൂപ്പർലീഗ് ആദ്യസീസണിലാണ് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലേക്ക് വർഷങ്ങൾക്കുശേഷം ജനങ്ങൾ ഒഴുകിയെത്തിയത്. 32,000 പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിൽ അന്നെത്തിയത് 45,000-ത്തിലധികം ആളുകളായിരുന്നു. സ്റ്റേഡിയത്തിനുള്ളിലേക്കുകയറാൻ സാധിക്കാത്തതിനാൽ സംഘർഷാവസ്ഥവരെയുണ്ടായിരുന്നു. കൂടുതൽ സൗകര്യങ്ങളൊരുക്കിയാണ് ഇത്തവണ കോഴിക്കോട് കോർപ്പറേഷൻ മത്സരങ്ങൾ നടത്തുന്നത്.

രാത്രി 7.30-ഓടെയാണ് മത്സരം തുടങ്ങുക. എല്ലാമത്സരവും സോണി സ്പോർട്‌സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണംചെയ്യും. സ്പോർട്‌സ്. കോം എന്ന ആപ്പിലൂടെ ലൈവ് സ്ട്രീമിങ്ങും നടത്തും. സ്റ്റേഡിയത്തിനുസമീപം ടിക്കറ്റ് കൗണ്ടറുകൾ ഉണ്ടാകും. വ്യാഴാഴ്ചനടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ട്രോഫി പ്രദർശനം, താരനിബിഡമായ കലാപരിപാടി, സംഗീതനിശ എന്നിവ വൈകീട്ട് ആറുമുതൽ ഇഎംഎസ് സ്റ്റേഡിയത്തിൽ അരങ്ങേറും.

സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് രണ്ടാംസീസണിന്റെ വർണാഭമായ ഉദ്ഘാടനച്ചടങ്ങിന്റെയും തുടർന്നുള്ള കാലിക്കറ്റ് എഫ്സിയും ഫോഴ്സ കൊച്ചിയും തമ്മിലുള്ള മത്സരത്തിന്റെയും ടിക്കറ്റുവിൽപ്പന തുടങ്ങി. കാലിക്കറ്റ് എഫ്സിയുടെ എല്ലാമത്സരങ്ങളുടെയും ടിക്കറ്റുകൾ സ്റ്റേഡിയത്തിനുസമീപമൊരുക്കിയിട്ടുള്ള കൗണ്ടറുകളിലും ബീച്ച് പരിസരത്തൊരുക്കിയ പ്രത്യേകകൗണ്ടറിലും ലഭിക്കും. അതിനുപുറമേ ക്വിക് കേരള വെബ്‌സൈറ്റുവഴിയും ലഭിക്കും.

Exit mobile version