Site icon Fourteen Kerala – 14 Kerala News

ടാങ്കർലോറി കുടുങ്ങിയും മരംവീണും ചുരത്തിൽ ഗതാഗതതടസ്സം

താമരശ്ശേരി : ടാങ്കർലോറി യന്ത്രത്തകരാറിനെത്തുടർന്ന് കുടുങ്ങിയും മരം പൊട്ടി ദേശീയപാതയിലേക്കുവീണും താമരശ്ശേരി ചുരത്തിൽ ഏറെനേരം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

ശനിയാഴ്ച പുലർച്ചെ ആറരയോടെയാണ് സിമന്റുമിശ്രിതവുമായി വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു ടാങ്കർലോറി ചുരംകയറവെ ആക്സിൽ ഒടിഞ്ഞ് വഴിയിൽക്കുടുങ്ങിയത്. അഞ്ച്, ആറ് ഹെയർപിൻവളവുകൾക്കിടയിലെ വീതികുറവുള്ള ഭാഗത്ത് പതിനാറുചക്രലോറി കുടുങ്ങിയതോടെ ഇതുവഴി ഒറ്റവരിയായിമാത്രമാണ് വാഹനഗതാഗതം സാധ്യമായത്. ലോറി കുടുങ്ങിയതിനെത്തുടർന്നുണ്ടായ മണിക്കൂറുകൾനീണ്ട ഭാഗിക ഗതാഗതതടസ്സത്തിനൊപ്പം ശനിയാഴ്ചത്തെ വാഹനബാഹുല്യംകൂടിയായതോടെ ചുരംപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. വാഹനനിര കിലോമീറ്ററുകളോളം നീളുകയുംചെയ്തു.അതിനിടെ രാവിലെ ഒൻപതരയോടെ ചിപ്പിലിത്തോടിനും രണ്ടാംവളവിനുമിടയിൽ മരംപൊട്ടി റോഡിലേക്കുവീണതും യാത്രാദുരിതത്തിനിടയാക്കി.

മരവും ചില്ലകളും റോഡിന്റെ പകുതിഭാഗത്തായി വീണുകിടന്നതോടെ അതുവഴിയും ഒറ്റവരിയായിമാത്രമാണ് വാഹനങ്ങൾക്ക് കടന്നുപോവാനായത്. എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ മുക്കം അഗ്നിരക്ഷാസേനയും ചുരം സംരക്ഷണസമിതി അംഗങ്ങളും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരുംചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതതടസ്സം നീക്കി. പതിനൊന്നരയോടെയാണ് മരവും ചില്ലകളും പൂർണമായി മാറ്റാനായതെന്നതിനാൽ അതുവരെ രണ്ടുമണിക്കൂറോളം ഈഭാഗത്തുണ്ടായ തടസ്സവും ഗതാഗതക്കുരുക്കിന് ആക്കംകൂട്ടി.

Exit mobile version