Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കല്ലായിപ്പുഴയിലേക്ക് ചാടി അഭിഭാഷകൻ; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ

കോഴിക്കോട്: മാങ്കാവിൽ കല്ലായിപ്പുഴയിലേക്ക് ചാടിയ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി. ചാലപ്പുറം ഗണപത് ഗേൾസ് സ്കൂളിനു സമീപം നവബിന്ദുവിൽ അഡ്വ.പി.സിദ്ധാർഥൻ (68) ആണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഫയർഫോഴ്സിന്റെ സ്ക്യൂബ ടീം മുങ്ങിയെടുത്തത്. രാവിലെ ഒൻപതു മണിയോടെ പാലത്തിൽ നിന്നും കല്ലായി പുഴയിലേക്ക് ചാടിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

മീഞ്ചന്ത അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫിസർ സി.കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളും ഇ.ഷിഹാബുദീന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സിന്റെ ജില്ലാ സ്‌കൂബ ടീമും നടത്തിയ തിരച്ചിലിലാണ് പുഴയിൽ വീണ സ്ഥലത്തു നിന്ന് 30 മീറ്റർ മാറി 21 അടി താഴ്ചയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.സ്‌കൂബ ടീം അംഗങ്ങളും ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരുമായ പി.അഭിലാഷ്, നിഖിൽ മല്ലിശ്ശേരി, പി.അനൂപ്, പി.കെ.മനുപ്രസാദ്, കെ.പി.ബാലൻ എന്നിവർ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്താനായത്. പരേതരായ പറമ്പിൽ ചന്തുക്കുട്ടി, മീനാക്ഷി ദമ്പതികളുടെ മകനാണ്. ഡോ.മിനിയാണ് ഭാര്യ. മകൾ: ചൈത്ര. മരുമകൻ: അശ്വിൻ (കൊയിലാണ്ടി). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.

Exit mobile version