Site icon Fourteen Kerala – 14 Kerala News

നഗ്നചിത്രമെടുത്ത് പണം തട്ടി; യുവതികളടക്കം മൂന്നുപേർ പിടിയിൽ

കുന്ദമംഗലം : സൗഹൃദം സ്ഥാപിച്ച് യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്നുപേർ പിടിയിൽ. മാവേലിക്കര സ്വദേശിനി ഗൗരിനന്ദ (20), തിരൂരങ്ങാടി സ്വദേശിനി അൻസിന (28), ഇവരുടെ ഭർത്താവ് മുഹമ്മദ് ഹഫീഫ് (30) എന്നിവരെയാണ് കോഴിക്കോട് മാനാഞ്ചിറയ്ക്ക്് സമീപത്തുവെച്ച് കുന്ദമംഗലം എസ്‌ഐ നിതിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

പരാതിക്കാരന്റെ രാമനാട്ടുകരയിലെ കടയിൽവെച്ച് ഇയാളുമായി സൗഹൃദം സ്ഥാപിച്ച യുവതി വെള്ളിയാഴ്ച വൈകീട്ടോടെ ഇയാളെ മടവൂരിലുള്ള വീട്ടിലേക്ക്‌ വിളിച്ചു വരുത്തുകയായിരുന്നു. അവിടെവെച്ച് ബലമായി നഗ്നഫോട്ടോ എടുത്തു. ഭീഷണിപ്പെടുത്തി ഫോൺ തട്ടിയെടുത്ത് ഗൂഗിൾ പേ വഴി 1,35,000 രൂപ മറ്റൊരു പ്രതിയുടെ അക്കൗണ്ടിലേക്ക് അയച്ചു. വീണ്ടും സഹൃത്തിന്റെ ഗൂഗിൾ പേ വഴി 10,000 രൂപയും കൈവശപ്പെടുത്തി.

നഗ്നവീഡിയോ വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെട്ടു. ഇവിടെനിന്ന് രക്ഷപ്പെട്ട യുവാവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് കുന്ദമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ ലൊക്കേഷൻ കോഴിക്കോട് മാനാഞ്ചിറയാണെന്ന് മനസ്സിലാക്കുകയായിരുന്നു. കുന്ദമംഗലം പോലീസ് ഇൻസ്പെക്ടർ എസ്. കിരണിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ നിധിൻ, എസ്‌സിപിഒ വിപിൻ, സിപിഒ നീതു എന്നിവർ ചേർന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം മൂവരെയും കോടതിയിൽ ഹാജരാക്കി.

Exit mobile version