Site icon Fourteen Kerala – 14 Kerala News

കുറ്റ്യാടി പുഴയിൽ യുവാവ് ചുഴിയിൽപ്പെട്ട് മുങ്ങിമരിച്ചു; അപകടം പുഴയിലേക്ക് വീണ താക്കോൽ തിരയാനായി ഇറങ്ങിയതിനിടെ

പയ്യോളി : കുറ്റ്യാടി പുഴയിൽ യുവാവ് മുങ്ങിമരിച്ചു. അയനിക്കാട് പാലേരി ഫൈസൽ (39) ആണ് മരിച്ചത്. വെള്ളിയാഴ്ച മൂന്നോടെ കുറ്റ്യാടി പുഴയിലെ അയനിക്കാട് നടക്കൽ ചീർപ്പിന് സമീപമായിരുന്നു സംഭവം. പുഴയിലേക്ക് വീണ താക്കോൽ തിരയാനായി സുഹൃത്തുക്കൾക്കൊപ്പം ഇറങ്ങിയതിനിടെ ചുഴിയിൽപ്പെട്ട് കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

പയ്യോളി പൊലീസും വടകരയിൽ നിന്ന് അഗ്നരക്ഷാ സേനയും സ്ഥലത്തെത്തി മൃതദേഹം വടകര ജില്ലാ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: തഫ്‌സീന. ബാപ്പ: പരേതനായ അബ്ദുള്ള. ഉമ്മ: ആയിഷ. സഹോദരങ്ങൾ: ഫിറോഷ് ബാബു, ഫൈലാസ്.
അതേസമയം കൊടുവള്ളി മാനിപുരം ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ പത്തു വയസ്സുകാരിക്കായുള്ള തെരച്ചിൽ പുനരാരംഭിച്ചു. രാത്രി എട്ടരയോടെ നിർത്തി വെച്ച തെരച്ചിൽ രാവിലെ ആറു മണിയോടെയാണ് തുടങ്ങിയത്.വൈകീട്ട് നാലരയോടെയാണ് അമ്മയ്ക്കൊപ്പം കുളിക്കാനെത്തിയ കുട്ടികൾ ഒ‍ഴുക്കിൽപ്പെട്ടത്. 12 വയസ്സുള്ള മകനും 10 വയസ്സുള്ള മകളുമാണ് ഒ‍ഴുക്കിൽപ്പെട്ടത്. മകനെ അപകടം നടന്നയുടൻ എത്തിയ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും പത്തുവയസുകാരിയായ തൻഹ ഷെറിനെ രക്ഷിക്കാൻ സാധിച്ചില്ല.

ഒ‍ഴുക്കിൽപ്പെട്ട കുട്ടിക്കായി ഫയർഫോഴ്സ് സ്കൂബ ടീമും, വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. രാത്രി എട്ടരയായതോടെ താത്കാലികമായി തെരച്ചിൽ നിർത്തിവെയ്ക്കുകയും ചെയ്തു. പിതൃ സഹോദരൻ്റെ വിവാഹത്തിന് എത്തിയതായിരുന്നു പൊന്നാനിയിൽ നിന്നുള്ള കുടുംബം. മുക്കം, വെള്ളിമാട്കുന്ന്, മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്നും എത്തിയ ഫയർഫോഴ്സ് സ്കൂബ ടീമാണ് നാട്ടുകാർക്കൊപ്പം തെരച്ചിൽ നടത്തിയത്.

Exit mobile version