Site icon Fourteen Kerala – 14 Kerala News

ചുരത്തിൽ മൂന്നരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു

താമരശ്ശേരി : വയനാട് ഭാഗത്തേക്ക് സിമന്റുമായി പോവുകയായിരുന്ന പതിന്നാലുചക്ര ചരക്കുലോറി ഇടുങ്ങിയ കൊടുംവളവിൽ ചക്രം പൊട്ടി കുടുങ്ങിയതിനെത്തുടർന്ന് താമരശ്ശേരി ചുരത്തിൽ മൂന്നരമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ചുരം കയറുകയായിരുന്ന ചരക്കുലോറി ചക്രംതകർന്ന് എട്ടാംഹെയർപിൻ വളവിന് നടുവിൽ കുടുങ്ങിയത്. തകരാർ പരിഹരിച്ച് ഏഴുമണിയോടെ മാത്രമാണ് ലോറി മാറ്റാനായത്.

വീതിക്കുറവുള്ള വളവിൽ വലിയ ലോറി കുടുങ്ങിയതോടെ ഒറ്റവരിയായി മാത്രമാണ് വാഹനങ്ങൾക്ക് പോവാൻ സാധിച്ചത്. വലിയ വാഹനങ്ങൾ ഇതുവഴി വളച്ചെടുത്ത് കടന്നുപോവാൻ ഏറെ സമയമെടുക്കുകയും ചെയ്തു.മൂന്നര മണിക്കൂർ വൺവേയായി മാത്രമാണ് വാഹനങ്ങൾ കടന്നുപോയതെന്നതിനാൽ ചുരത്തിൽ വെള്ളിയാഴ്ച വൈകീട്ട് രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ലോറി മാറ്റിയിട്ടും മണിക്കൂറുകൾ കഴിഞ്ഞാണ് ചുരത്തിൽ ഗതാഗതം പഴയപടിയായത്.

എസ്ഐ കെ. ശ്രീനിവാസന്റെ നേതൃത്വത്തിൽ അടിവാരം ഔട്ട്പോസ്റ്റ് പോലീസും, എസ്‌ഐ അബ്ദുവിന്റെ നേതൃത്വത്തിൽ ഹൈവേ പോലീസും ചുരം ഗ്രീൻ ബ്രിഗേഡ് വൊളന്റിയർമാരും ചേർന്നാണ് ഗതാഗതം നിയന്ത്രിച്ചത്.ഇതിനിടെ ചുരത്തിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ, വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു കാറിലുണ്ടായിരുന്ന മധ്യവയസ്കന് യാത്രാമധ്യേ നെഞ്ചുവേദന അനുഭവപ്പെട്ടത് ആശങ്കയുയർത്തി.കോഴിക്കോട് സ്വദേശിയായ ഇദ്ദേഹത്തെ ആംബുലൻസ് വിളിച്ചെത്തിച്ച് അതിൽ കയറ്റി ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Exit mobile version