Site icon Fourteen Kerala – 14 Kerala News

ടൂറിസം വികസനത്തിന് മലബാറിന്റെ ഭൂപ്രകൃതി അനുയോജ്യം -കളക്ടർ സ്നേഹിൽകുമാർ സിങ്

കോഴിക്കോട്: കുന്നുകളും വയലുകളും പുഴകളും കടൽത്തീരവും ഒരുമിച്ചുചേരുന്ന മലബാറിന്റെ ഭൂപ്രകൃതി ടൂറിസം വികസനത്തിന് ഏറ്റവും അനുയോജ്യമാണെന്ന് കളക്‌ടർ സ്നേഹിൽകുമാർ സിങ് പറഞ്ഞു. മാതൃഭൂമി ടൂറിസം കോൺക്ലേവിന്റെ പ്രചാരണാർഥം പ്രോവിഡൻസ് കോളേജിൽ സംഘടിപ്പിച്ച ‘മലബാർ എക്സ്പീരിയൻസ്’ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലബാറിന്റെ ടൂറിസം മേഖലയിൽ വർഷങ്ങളായി ക്രമാനുഗതമായ വളർച്ചയുണ്ട്. ഇതിന്റെ അടിസ്ഥാനം ഈ നാടിന്റെ സമ്പന്നമായ സംസ്‌കാരവും ജനങ്ങളുടെ സ്നേഹവായ്‌പുള്ള പെരുമാറ്റവുമാണ്. വൈവിധ്യമുള്ള ഭക്ഷണശീലവും രുചിഭേദവും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു.

ഗോവ, ബെംഗളൂരു, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്ക് പോകുന്ന ടൂറിസ്റ്റുകൾ ലക്ഷ്യമിടുന്നതിൽനിന്ന് വ്യത്യസ്തമാണ് മലബാറിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനെത്തുന്നവരുടെ ലക്ഷ്യം. ഇത് മനസ്സിലാക്കി കൂടുതൽപ്പേരെ ആകർഷിക്കാൻ സർക്കാർ-സ്വകാര്യമേഖലകളിലുള്ളവർ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് കളക്‌ടർ പറഞ്ഞു.കേരളത്തിൽ ഹോസ്‌പിറ്റാലിറ്റി ടൂറിസത്തിന് വൻ സാധ്യയാണുള്ളതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മാതൃഭൂമി മാനേജിങ് ഡയറക്ട‌ർ എം.വി. ശ്രേയാംസ്കുമാർ പറഞ്ഞു.
ഹോംസ്റ്റേകളിലൂടെ ആലപ്പുഴക്കാർ ഇത് വർഷങ്ങളായി തെളിയിച്ചുവരുകയാണ്. ഉത്തരവാദിത്വ ടൂറിസത്തെക്കുറിച്ച് സ്കൂൾതലംമുതൽ പഠിപ്പിക്കണം.

Exit mobile version