Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 47കാരന് രോഗബാധ

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം. മലപ്പുറം ചേലമ്പ്രം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. 47-കാരനായ യുവാവ്‌ കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച മരിച്ച ഒമ്പതുവയസ്സുള്ള അനയയുടെ സഹോദരനായ ഏഴ് വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. സഹോദരനും അനയ കുളിച്ച അതേ കുളത്തില്‍ കുളിച്ചിരുന്നുവെന്നാണ് വിവരം.

നിലവില്‍ അഞ്ചുപേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലുള്ളത്. മലപ്പുറം സ്വദേശിയായ നാല്‍പ്പത്തിയൊമ്പതുകാരനും ചേളാരി സ്വദേശിയായ പതിനൊന്നുകാരിക്കും ഓമശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ മുപ്പത്തിയെട്ടുകാരനും ചികിത്സയിലാണ്.വ്യാഴാഴ്ചയാണ് താമരശ്ശേരി ആനപ്പാറപ്പൊയില്‍ സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. മരിച്ച അനയയും സഹോദരങ്ങളും മൂന്നാഴ്ച മുന്‍പ് വീടിന് സമീപത്തെ കുളത്തില്‍ നീന്തല്‍ പരിശീലിച്ചിരുന്നു. ഈ കുളമാണ് രോഗകാരണമായ ജലസ്രോതസ്സെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.

Exit mobile version