Site icon Fourteen Kerala – 14 Kerala News

പശുക്കടവിൽ യുവതി ഷോക്കേറ്റുമരിച്ചത്‌കേഴമാനിന് വെച്ച കെണിയിൽനിന്ന്

കോഴിക്കോട് :കുറ്റ്യാടി പശുക്കടവിൽ യുവതിയും വളർത്തുപശുവും വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ വൈദ്യുതക്കെണി സ്ഥാപിച്ച സമീപവാസി അറസ്റ്റിൽ. ചീരമറ്റത്ത് ലിനീഷ് ജോസഫിനെയാണ് (40) തൊട്ടിൽപ്പാലം ഇൻസ്പെക്ടർ പി.കെ. ജിതേഷും സംഘവും അറസ്റ്റ് ചെയ്തത്. വീട്ടിൽ നടന്ന തെളിവെടുപ്പിൽ കെണിയുടെ ഭാഗങ്ങളും ലൈനിൽനിന്ന് കെണിയിലേക്ക് വൈദ്യുതി എത്തിക്കാനുപയോഗിച്ച വയറും മറ്റും കണ്ടെത്തി. കുറ്റകരമായ നരഹത്യക്കാണ് കേസ്.

ഞായറാഴ്ച രാത്രിതന്നെ ലിനീഷ് കസ്റ്റഡിയിലായിരുന്നു. ചോദ്യംചെയ്യലിൽ കിട്ടിയ വിവരങ്ങളുടെയും സാഹചര്യത്തെളിവിന്റെയും അടിസ്ഥാനത്തിൽ തിങ്കളാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. കേഴമാനിനെ കുടുക്കാനാണ് വൈദ്യുതക്കെണി സ്ഥാപിച്ചതെന്ന് ഇയാൾ മൊഴി നൽകി. ഇയാളുടെ കൈയിൽ കമ്പികൊണ്ട് മുറിഞ്ഞതിനു സമാനമായ ഒരു മുറിവുണ്ട്. ഇത് എങ്ങനെ സംഭവിച്ചതാണെന്ന് വ്യക്തമാകാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. ഇതിനുശേഷമാണ് കെണിവെച്ച തോട്ടത്തിലും വീട്ടിലുമെത്തി തെളിവെടുപ്പ് നടത്തിയത്.

വൈദ്യുതലൈനിൽ വയർ ഘടിപ്പിക്കാൻ ഉപയോഗിച്ച തോട്ടി പറമ്പിൽനിന്ന് കണ്ടെത്തി. വീട്ടിൽനിന്ന് വയറും കെണിയൊരുക്കാൻ ഉപയോഗിച്ച കമ്പിയും മറ്റുമാണ് കസ്റ്റഡിയിലെടുത്തത്.മരിച്ച ചൂളപ്പറമ്പിൽ ബോബിയുടെ വീടിനോടുചേർന്ന കൊക്കോത്തോട്ടത്തിലാണ് കേഴമാനിനെ പിടിക്കാനായി ലിനീഷ് കെണി സ്ഥാപിച്ചത്. ഇയാൾ നേരത്തേയും വന്യമൃഗങ്ങളെ വേട്ടയാടിയ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.ബോബിയും പശുവും ഷോക്കേറ്റ് വീണതിനുശേഷം ഇവിടെ എത്തിയ ലിനീഷ് തെളിവ് നശിപ്പിക്കാനായി കൊക്കോതോട്ടത്തിൽ സ്ഥാപിച്ച വൈദ്യുതക്കെണിയുടെ സാമഗ്രികൾ പെട്ടെന്നുതന്നെ എടുത്തുമാറ്റിയതായും പോലീസ് പറഞ്ഞു.ബോബിയെ കാണാതായതിനുശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഇയാളും ചേർന്നു. ഈ ഭാഗത്ത് തിരച്ചിൽ നടത്തുന്നവരുടെ ശ്രദ്ധ തിരിച്ചുവിടാൻ താൻ അവിടെയൊക്കെ തിരഞ്ഞതാണെന്ന് പറഞ്ഞ് തിരച്ചിൽസംഘത്തെ വഴിമാറ്റാൻ ശ്രമിച്ചതായും ബോബിയുടെ ബന്ധുക്കൾ പറഞ്ഞു. വെള്ളിയാഴ്ചയാണ് കോങ്ങാട് ചൂളപ്പറമ്പിൽ ബോബിയെയും വളർത്തുപശുവിനെയും കാണാതായത്. രാത്രി ഒരുമണിയോടെ കൊക്കോതോട്ടത്തിൽ മൃതദേഹം കണ്ടെത്തി.

Exit mobile version