Site icon Fourteen Kerala – 14 Kerala News

സ്വകാര്യബസിന്റെ മരണപ്പാച്ചിൽ അപകടം വരുത്തിദുരിതക്കയത്തിലായി ഒരു കുടുംബം

രാമനാട്ടുകര: കഴിഞ്ഞയാഴ്ച ഫറോക്ക് ക്രസന്റ് ആശുപത്രിക്കുമുന്നിലായിരുന്നു ഈ സംഭവം. അതിവേഗത്തിൽ എത്തിയ സ്വകാര്യബസ് ഒരു കുടുംബം സഞ്ചരിച്ച സ്കൂട്ടറിലിടിക്കുന്നു. ബേപ്പൂർ നടുവട്ടം പെരച്ചലങ്ങാടി വാഴക്കുളം സ്വദേശി മഹേഷും (39) ഭാര്യ അക്ഷയയും മകൾ രണ്ടുവയസ്സുകാരി ഇവയുമായിരുന്നു സ്കൂട്ടർ യാത്രക്കാർ. ഇടിയുടെ ആഘാതത്തിൽ മൂവർക്കും ഗുരുതരപരിക്കേറ്റു. ഇത്രയൊക്കെ സംഭവിച്ചിട്ടും അപകടത്തിന് കാരണക്കാരായ ബസുടമകളോ ജീവനക്കാരോ തങ്ങളെ തിരിഞ്ഞുനോക്കുകപോലും ചെയ്തിട്ടില്ലെന്ന് ഈ കുടുംബമാരോപിക്കുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. മകൾ ഇവയ്ക്ക് പനിയുണ്ടായിരുന്നതിനാൽ ഡോക്ടറെ കാണിച്ചശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. വൈകീട്ട് ഏഴിന് ക്രസന്റ് ആശുപത്രിക്കുമുന്നിൽ എതിർദിശയിൽനിന്ന് അതിവേഗത്തിലും അശ്രദ്ധമായും ലൈൻ തെറ്റിച്ചുമെത്തിയ ‘ആൽഫ’ ബസ് ഇവരുടെ സ്കൂട്ടറിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീണു. ഓടിക്കൂടിയ നാട്ടുകാരിലൊരാൾ രണ്ടുവയസ്സുള്ള കൈക്കുഞ്ഞിനെ വാരിയെടുത്ത് ക്രസന്റ് ആശുപത്രിയിലേക്കോടി. മഹേഷിനെയും അക്ഷയയെയും പിന്നാലെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമാണെന്നുകണ്ടതോടെ പ്രാഥമികപരിചരണം നൽകി മൂന്നുപേരെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കുമാറ്റി.

ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ ഇവ ഇപ്പോഴും അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. മഹേഷിന്റെ താടിയെല്ല് പൊട്ടുകയും വാരിയെല്ലിന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ അക്ഷയയുടെ തോളെല്ലിനും പൊട്ടലുണ്ട്. ഇരുവർക്കും അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടോർത്ത് കുടുംബം ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.ഇവയുടെ ചികിത്സയ്ക്കുമാത്രം 3.50 ലക്ഷത്തോളം രൂപ ബില്ലായി. ഇതിൽ 1.10 ലക്ഷം രൂപ മാത്രമാണ് അടയ്ക്കാനായത്. 2.40 ലക്ഷം ബില്ലടയ്ക്കാൻ ബാക്കിയിണ്ട്. കൂടാതെ, വരുംദിവസങ്ങളിൽ കൂടുതൽ പണം ആവശ്യമായിവരുമെന്നും കുടുംബം പറയുന്നു. മഹേഷിന്റെയും അക്ഷയയുടെയും ശസ്ത്രക്രിയക്കും ചികിത്സയ്ക്കും വലിയതുക കണ്ടെത്തുകയും വേണം.

കൂലിപ്പണികൊണ്ടുമാത്രം നിത്യവൃത്തി കഴിയുന്ന മഹേഷിന് ഈ ഭീമമായ ചികിത്സാച്ചെലവുകൾ താങ്ങാൻകഴിയില്ല. ആശുപത്രിവാസത്തിനും തുടർചികിത്സയ്ക്കും ഇനിയെന്ത് ചെയ്യുമെന്നറിയാതെ നെട്ടോട്ടമോടുകയാണ് ബന്ധുക്കൾ. അപകടത്തിന് കാരണക്കാരായ ബസ് ജീവനക്കാരോ, ബസുടമകളോ ഇതുവരെ മഹേഷിനെയും കുടുംബത്തെയും ബന്ധപ്പെടാൻ ശ്രമിക്കുകപോലും ചെയ്തിട്ടില്ലെന്ന് കുടുംബം പറയുന്നു.

Exit mobile version