Site icon Fourteen Kerala – 14 Kerala News

പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്നു കളഞ്ഞു; പ്രതിയെ തിരഞ്ഞ് പൊലീസ്

കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവിൽ ഇസാഫ് ബാങ്കിനെ കബളിപ്പിച്ച് 40 ലക്ഷം രൂപ കവർന്നു. പന്തിരാങ്കാവ് സ്വദേശി ഷിബിൻലാലാണ് ബാങ്ക് ജീവനക്കാരനിൽ നിന്ന് പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്ന് കളഞ്ഞത്. സ്വകാര്യ സ്ഥാപനത്തിൽ പണയം വെച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റിവെയ്ക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ആസൂത്രിത കവർച്ച.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഇടപാടിനായി കൊണ്ടുവന്ന പണം തട്ടിപ്പറിച്ച് പ്രതി സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. പന്തീരാവ് മണക്കടവ് റോഡിലെ അക്ഷയ ഫൈനാൻസിയേഴ്സിൽ 38 ലക്ഷം രൂപയ്ക്ക് സ്വർണം പണയം വെച്ചിട്ടുണ്ടെന്നും ഈ സ്വർണം എടുത്ത് ഇസാഫ് ബാങ്കിൽ 40 ലക്ഷം രൂപയ്ക്ക് മാറ്റിവെക്കാം എന്നും പറഞ്ഞാണ് ഷിബിൻ ലാൽ ഇസാഫ് ബാങ്കിനെ സമീപിച്ചത്. ഷിബിൻ ലാൽ ബാങ്കിൽ അക്കൗണ്ട് എടുക്കുകയും ചെയ്തു. ഇടപാടിനായി അക്ഷയയിലെത്താൻ ആവശ്യപ്പെട്ടതോടെയാണ് 40 ലക്ഷം രൂപയുമായി ബാങ്ക് ജീവനക്കാരൻ അരവിന്ദ് എത്തിയത്.

അക്ഷയയിലേക്ക് നടക്കുന്നതിനിടെ അരവിന്ദിൻ്റെ കൈവശമുണ്ടായിരുന്ന ബാഗ് ഷിബിൻ ലാൽ തട്ടിപ്പറിച്ച് കടന്നു കളയുകയായിരുന്നു. ഷിബിൻ ലാൽ ആസൂത്രിതമായി പണം തട്ടിയെടുത്തതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട് .ഇല്ലാത്ത സ്വർണ്ണത്തിൻ്റെ കഥ പറഞ്ഞാണ് ബാങ്കിനെ പറ്റിച്ചത്. മറ്റ് രണ്ട് ബാങ്കുകളെ കൂടി ഇയാൾ സമീപിച്ചിരുന്നെന്ന് അക്ഷയ ഫൈനാൻസിയേഴ്സ് ഉടമ പി. ചന്ദ്രശേഖരൻ പറഞ്ഞു. കറുത്ത സ്കൂട്ടറിൽ രക്ഷപ്പെട്ട ഷിബിൻ ലാലിനായുള്ള അന്വേഷണത്തിലാണ് പൊലീസ്. പ്രതിയുടെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

Exit mobile version