Site icon Fourteen Kerala – 14 Kerala News

വിവാഹാഘോഷത്തിനിടെ പടക്കം റെയിൽപ്പാളത്തിൽ വീണു; വരന്റെ സഹോദരൻ അറസ്റ്റിൽ

കോഴിക്കോട് : വിവാഹാഘോഷത്തിനിടെ പൊട്ടിച്ച പടക്കങ്ങളിലൊന്ന് റെയിൽവേ ട്രാക്കിൽ വീണു. സ്ഫോടകവസ്തു നിയമപ്രകാരം വരന്റെ സഹോദരൻ അറസ്റ്റിൽ. വരനെയും മറ്റൊരു സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

കല്ലായി റെയിൽവേസ്റ്റേഷനുസമീപം നെല്ലിക്കാവ് പറമ്പിൽ ഹൗസിൽ സുബൈദ മൻസിലിൽ അബ്ദുൽ അസീസിനെയാണ് സ്ഫോടകവസ്തു നിയമപ്രകാരം അറസ്റ്റുചെയ്തത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടന്ന അസീസിന്റെ സഹോദരന്റെ വിവാഹാഘോഷത്തിനിടെ, ഉയർന്ന് മുകളിൽവെച്ച് പൊട്ടുന്ന പടക്കങ്ങൾ പൊട്ടിച്ചിരുന്നു. ഇതിലൊന്ന് പൊട്ടാതെ കല്ലായി റെയിൽവേസ്റ്റേഷനു സമീപത്തെ ഗുഡ്‌സ്‌ഷെഡ് യാർഡിലേക്കുള്ള ട്രാക്കിൽവീഴുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ട്രാക്ക് പരിശോധിക്കാനെത്തിയ റെയിൽവേ ജീവനക്കാരനാണ് സംഭവം പോലീസിൽ അറിയിച്ചത്.

ഐസ്‌ക്രീം ബോളിന്റെ മാതൃകയിലുള്ള വസ്തുവായതിനാൽ ട്രെയിൻ അട്ടിമറിക്കാൻ ബോംബ് വെച്ചതായിരിക്കാമെന്നാണ് ആദ്യം കരുതിയത്. ഇതോടെ സിറ്റിപോലീസ് കമ്മിഷണർ എ.വി. ജോർജിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും ബോംബ്‌ സ്ക്വാഡും സ്ഥലത്തെത്തി. കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ട്രാക്കിന് സമീപത്തുള്ള വീട്ടിൽനിന്ന് വീണ പടക്കമാണെന്ന് വ്യക്തമായത്.

Exit mobile version