Site icon Fourteen Kerala – 14 Kerala News

കുടുംബശ്രീ ദേശീയ സരസ് മേള തുടങ്ങി

കോഴിക്കോട് : ലെതർകൊണ്ട് എന്തൊക്കെ ഉത്‌പന്നങ്ങളുണ്ടാക്കാം, ബാഗ്, ചെരിപ്പ് എന്നൊക്കെയാവും ആദ്യം പറയാൻതോന്നുക. എന്നാൽ, ബീച്ചിൽ കുടുംബശ്രീ ദേശീയ സരസ് മേളയിലെത്തിയാൽ ഈ കാണുന്നതൊക്കെ ലെതർതന്നെയോ എന്ന് അദ്ഭുതപ്പെടും. നിറയെ പാവകളും അലങ്കാരവസ്തുക്കളുമാണുള്ളത്. അതിൽ പുരാണകഥാപാത്രങ്ങളുണ്ട്, തൂക്കിയിടുന്ന കുഞ്ഞുരൂപങ്ങളുണ്ട്, അലങ്കാരവിളക്കുണ്ട്. ഇതൊക്കെയും തുകൽതന്നെയാണോയെന്ന് ചോദിച്ചാൽ, ആന്ധ്രാപ്രദേശിൽനിന്നുള്ള കുടുംബം പറയും, ‘‘ഒന്നും പേപ്പറല്ല, എല്ലാം തുകലാ. 50 രൂപമുതൽ 2000 രൂപവരെയുണ്ട് വില’’. നിറപ്പകിട്ടാർന്നതാണ് എല്ലാം.

പലനാടുകളിൽനിന്നുള്ള ഒരുപറ്റം ജനങ്ങൾ, അവരുടെ തനത്‌ ഉത്‌പന്നങ്ങൾ, അതിൽ തുണിത്തരങ്ങളും ഭക്ഷണവും പലഹാരവും എല്ലാമുണ്ട്. ഇത്തരത്തിൽ ഇന്ത്യയിലെ വിവിധസംസ്ഥാനങ്ങളിൽനിന്നുള്ള 250-ഓളം സ്റ്റാളുകളാണ് സരസ് മേളയിലുള്ളത്. മധ്യപ്രദേശ്, ഗുജറാത്ത്, അരുണാചൽപ്രദേശ് തുടങ്ങി 17 സംസ്ഥാനത്തുനിന്നുള്ള ഉത്‌പന്നങ്ങളുണ്ട്. കൈത്തറി തുണിത്തരങ്ങളും ചെരിപ്പും പലതരം ഭക്ഷ്യവിഭവങ്ങളുമാണ് മേളയിലേറെയുള്ളത്.

ചക്കയും ചക്കക്കുരുവുംകൊണ്ട് അവലോസുപൊടിയും ചമ്മന്തിപ്പൊടിയും അച്ചാറും സ്ക്വാഷുമെല്ലാം ഉണ്ടാക്കിയിട്ടുള്ള യൂണിറ്റുകളുണ്ട്. അതുപോലെ ചെറുധാന്യങ്ങളുടെ വലിയൊരുലോകവും തീർത്തിട്ടുണ്ട്. ഇതിനുപുറമേ കുടുംബശ്രീയുടെ ഫുഡ് കോർട്ടുമുണ്ട്. സരസ് മേളയുടെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 13 വരെയാണ് മേള.

Exit mobile version