Site icon Fourteen Kerala – 14 Kerala News

കടതുറക്കാനാകാതെ കുഞ്ഞിക്കണ്ണൻ

കോഴിക്കോട് : പേരാമ്പ്ര പൈപ്പിട്ട് നാലുദിവസംകൊണ്ട് മൂടുമെന്നുപറഞ്ഞ കുഴിയാണ്. ഇപ്പോൾ ഒരുമാസമാകാറായിട്ടും പൈപ്പിടൽ പൂർത്തീകരിച്ച്് കുഴി മൂടിയിട്ടില്ല. കടയ്ക്കുമുന്നിലെ വലിയകുഴികാരണം കടതുറക്കാനാകാതെ വലയുകയാണ് പേരാമ്പ്ര പഞ്ചായത്തിലെ പത്താംവാർഡിൽപ്പെട്ട മരുതേരി കനാൽപ്പാലത്തിനു സമീപത്തെ തച്ചറോത്ത് കുഞ്ഞിക്കണ്ണൻ. ഇപ്പോൾ പ്രവൃത്തിയുമായി ബന്ധപ്പെട്ടവരാരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. ജോലിക്കാരെ വിളിച്ചിട്ടും എപ്പോൾ പ്രവൃത്തി പൂർത്തിയാക്കുമെന്ന് ഇതുവരെ വിവരമില്ല. പലചരക്കുകടയും ചായക്കടയുമെല്ലാമാണ് ഇവിടെയുള്ളത്. കടയിലേക്ക് ആർക്കും നടന്നുവരാനാകാത്ത സ്ഥിതിയിലാണ് കടപൂട്ടിയിട്ടത്. ഹൃദ്രോഗികൂടിയായ കുഞ്ഞിക്കണ്ണന്റെ പ്രധാന വരുമാനമാർഗമാണ് ഇതോടെ അടഞ്ഞുകിടക്കുന്നത്.

പ്രതിസന്ധിക്കുകാരണം ട്രാൻസ്‌ഫോർമർ അപകടഭീഷണിയിലായത്

ജൽ ജീവൻ പദ്ധതിക്കായി പെരുവണ്ണാമൂഴിയിലെ ജലസംഭരണപ്ലാന്റിൽനിന്ന് വിവിധപഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കാനാണ് വലിയപൈപ്പിടുന്നത്. കൂത്താളിവഴി കായണ്ണ ഭാഗത്തേക്കാണ് ഇതുവഴി പൈപ്പിടുന്നത്. പ്രധാന പൈപ്പ് ലൈനായതിനാൽ നല്ലവീതിയിലും നാലുമീറ്ററോളം താഴ്ചയിലും കുഴിയെടുത്താണ് പൈപ്പിടൽ. ചിലഭാഗങ്ങളിൽ കുഴിയെടുത്തശേഷം അടുത്തുള്ളഭാഗത്തെ മണ്ണുതുരന്നാണ് പൈപ്പിടൽ. ഇങ്ങനെ പൈപ്പിടാൻ ഭൂമിക്കടിയിൽ തുരന്നപ്പോൾ തൊട്ടടുത്തുണ്ടായിരുന്ന ട്രാൻസ്ഫോർമർ സ്ഥാപിച്ച തൂൺ കഴിയെടുത്തഭാഗത്തേക്ക് ചെരിഞ്ഞ് അപകടാവസ്ഥയിലായി.

ട്രാൻസ്ഫോർമർ ഇതിനടുത്തുതന്നെ തൂണുകൾസ്ഥാപിച്ച് മാറ്റിയാലേ ഇനി തുടർപൈപ്പിടൽ പൂർത്തിയാക്കാനാകൂ. ഇതിനായി ഒരുലക്ഷം രൂപ കെഎസ്ഇബിക്ക് കെട്ടിവെക്കണമെന്ന് അധികൃതർ പറഞ്ഞു. ഈ തുക അടയ്ക്കാനാണ് ഇപ്പോഴത്തെ കാത്തിരിപ്പ്. കുഴിയെടുത്തസ്ഥലത്ത് ചെങ്കല്ലുള്ളഭാഗമാണ്. ട്രാൻസ്ഫോർമറിനടുത്തുള്ള ഭാഗങ്ങളുടെ അടിയിൽ മണ്ണുമാണ്. ഇതാണ് മണ്ണുതുരന്നപ്പോൾ ട്രാൻസ്ഫോർമറിന്റെ തൂൺ ചെരിയാനുള്ള കാരണം.ട്രാൻസ്ഫോർമർ കയറിട്ട് വലിച്ചുകെട്ടിയത് കുഞ്ഞിക്കണ്ണന്റെ പറമ്പിലെ തെങ്ങിലാണ്. ഇതോടെ വീട്ടിലേക്കുള്ള വഴിയും തടസ്സപ്പെട്ടു.

Exit mobile version